ഇടുക്കി മണ്ഡലത്തിൽ നിന്നുള്ള ആദ്യ മന്ത്രിയായി റോഷി അഗസ്റ്റിൻ
Author : സൂര്യലാല്‍ കട്ടപ്പന
കട്ടപ്പന: വലതുപക്ഷത്തുനിന്നും ഇടതുപാളയത്തിലെത്തിയ റോഷിയെ കാത്തിരുന്നത് മന്ത്രിക്കസേര. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യു.ഡി.എഫിന്റെ ഭാഗമായിരുന്ന റോഷി എല്‍.ഡി.എഫിലേക്കെത്തിയതോടെ ഇടുക്കി നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യ മന്ത്രിയെന്ന ചരിത്രവും റോഷിക്ക് സ്വന്തം. മന്ത്രിയാകാനുള്ള തയാറെടുപ്പില്‍ മനസുനിറയെ മാണിസാറാണെന്ന് റോഷി പറയുന്നു. ഇടക്കോലി ഗവ.ഹൈസ്‌കൂളിലെ ലീഡറായി ആയിരുന്നു റോഷിയുടെ തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്റായും പാലാ സെന്റ് തോമസ് കോളജ് യൂണിറ്റ് പ്രസിഡന്റയും യൂണിയന്‍ ഭാരവാഹിയായും വിദ്യാര്‍ത്ഥി രാഷ്ര്ടീയത്തിലൂടെ നേതൃനിരയിലേക്കെത്തി.
കേരളാ ലീഗല്‍ എയ്ഡ് അഡൈ്വസറി ബോര്‍ഡ് മെമ്പറായും രാമപുരം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി ആദ്യകാല പ്രവര്‍ത്തനം. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകള്‍ക്കുമെതിരെ 1995-ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരംവരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന പദയാത്രയും 2001-ല്‍ വിമോചന യാത്രയും നടത്തിയാണ് റോഷി അഗസ്റ്റിന്‍ കേരള രാഷ്ര്ടീയത്തിലെ ശ്രദ്ധാകേന്ദ്രമായത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ യാത്രയില്‍ കടന്നുപോയ മുഴുവന്‍ സ്ഥലങ്ങളും റോഷി ഇപ്പോഴും ഒറ്റ ശ്വാസത്തില്‍ പറയും. ഇരുപത്തിയാറാം വയസില്‍ പേരാമ്പ്രയില്‍ നിന്ന് നിയമസഭയിലേക്കുള്ള കന്നിയങ്കം നടത്തി. 2001-ല്‍ ഇടുക്കിയില്‍ നിന്നും സിറ്റിങ് എം.എല്‍.എയെ പരാജയപ്പെടുത്തി ത്രികോണ മത്സരത്തില്‍ മികച്ച വിജയം നേടിയ മാണി സാറിന്റെ പ്രിയ ശിഷ്യനെ പിന്നീട് ഇടുക്കി ജനത കൈവിട്ടിട്ടില്ല.
കെ.എം മാണി പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക എന്ന പുസ്തകം രചിച്ചതും റോഷിയാണ്. ഇരുപത് വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും എല്ലാവരുമായുള്ള സൗഹൃദവുമാണ് റോഷിയെ ഇടുക്കിക്കാര്‍ നെഞ്ചിലേറ്റിയതിന് കാരണം. വകുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ റോഷി ഓടിയെത്തി. റോഷി മന്ത്രിയാകുന്നതോടെ ഇടുക്കിയിലെ ഭൂ പ്രശനങ്ങള്‍ക്കടക്കം പരിഹാരമുണ്ടാകുമെന്നും വികസനകാര്യത്തില്‍ ഇടുക്കി വേഗതയില്‍ കുത്തിക്കുമെന്നുമാണ് മലയോരജനതയുടെ പ്രതീക്ഷ.