ഇടുക്കിയിലെ ഡാമുകളിലെ ജലനിരപ്പ് ഇങ്ങനെ; മഴയുടെ ശക്തി കുറഞ്ഞു, ആശങ്കയ്ക്ക് കുറവില്ല
തൊടുപുഴ ∙ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കെടുതിക്കു ശമനമില്ല. വൈകിട്ട് പുളിയൻമല അപ്പാപ്പൻപടിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം വീണ് ഒരാൾ മരിച്ചു. 2 പേർക്കു പരുക്കേറ്റു.ഇന്നലെ 4 വീടുകൾ പൂർണമായും 86 വീടുകൾ ഭാഗികമായും നശിച്ചു.
ഉടുമ്പൻചോല താലൂക്കിൽ രണ്ടും തൊടുപുഴ, പീരുമേട് താലൂക്കുകളിൽ ഓരോ വീടു വീതവുമാണ് പൂർണമായി നശിച്ചത്. മൂന്നിടത്തുമായി 23, 7, 42 എന്നിങ്ങനെ വീടുകൾ ഭാഗികമായി നശിച്ചു. ദേവികുളം താലൂക്കിൽ 14 വീടുകൾക്കു കേടുപാടു പറ്റി. രണ്ട് ദിവസമായി തുടരുന്ന മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ആകെ 21 വീടുകൾ പൂർണമായും 354 വീടുകൾ ഭാഗികമായും നശിച്ചു.
ഇന്നലെ 89 ഹെക്ടർ ഭൂമിയിൽ കൃഷി നാശം റിപ്പോർട്ട് ചെയ്തു. ഇതോടെ 2 ദിവസങ്ങളിലായി 294 ഹെക്ടർ ഭൂമിയിൽ കൃഷി നശിച്ചു. മഴയിലും വീട് തകർന്നും ജില്ലയിൽ 5 പേർക്കു പരുക്കേറ്റു. തങ്കമണി വില്ലേജിൽ 4 പേർക്കും ദേവികുളം താലൂക്കിൽ ഒരാൾക്കുമാണു പരുക്കേറ്റത്. വൈദ്യുതത്തൂണുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും തടസ്സപ്പെട്ട വൈദ്യുതി വിതരണം ചിലയിടങ്ങളിൽ ഇന്നലെ വൈകിട്ടുവരെ പുനഃസ്ഥാപിക്കാനായില്ല.
വേണം നഷ്ടപരിഹാരം
കനത്ത മഴയിലും കാറ്റിലും ഒട്ടേറെ വീടുകളും കെട്ടിടങ്ങളുമാണു ജില്ലയിൽ തകർന്നത്. കോവിഡ് ഭീതി നിലനിൽക്കെ താമസസൗകര്യവും നഷ്ടമായതോടെ ഈ കുടുംബങ്ങൾ ആശങ്കയിലാണ്. ബന്ധുവീടുകളിലേക്കു മാറുന്നതും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നതുമാണു ഇവർക്കു മുന്നിലുള്ള വഴി. വട്ടവടയിൽ മാത്രം അൻപതിലധികം വീടുകളാണു ഭാഗികമായി തകർന്നത്.വ്യാപകമായ കൃഷിനാശവുമുണ്ട്.കൃഷിനാശം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമായി. .
നഷ്ടപരിഹാരം വൈകില്ല; കലക്ടറുടെ ഉറപ്പ്
നാശനഷ്ടങ്ങളുടെ പട്ടിക വേഗത്തിൽ തയാറാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫിസർമാരോടു നിർദേശിച്ചിട്ടുണ്ടെന്നു കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ഇവ വൈകിക്കരുതെന്നു പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ഉടൻ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
ഡാമുകളിലെ ജലനിരപ്പ് (ബ്രാക്കറ്റിൽ പരമാവധി സംഭരണശേഷി)
മുല്ലപ്പെരിയാർ – 129.80 അടി (142)
ഇടുക്കി – 2334.94 അടി (2404)
മലങ്കര – 40.50 മീറ്റർ (42)
പൊൻമുടി – 704.90 മീറ്റർ (707.75)
ലോവർ പെരിയാർ– 253 മീറ്റർ (253)
കുണ്ടള– 1741.50 മീറ്റർ (1758.696)
മാട്ടുപ്പെട്ടി – 1582.50 മീറ്റർ (1599.59)
ചെങ്കുളം– 846.62 മീറ്റർ (847.6)
കല്ലാർകുട്ടി – 456.35 മീറ്റർ (456.59)
കല്ലാർ– 820.20 മീറ്റർ (824.48)
ഇരട്ടയാർ – 746.90 മീറ്റർ (754.38)
ആനയിറങ്കൽ–1193.70 മീറ്റർ (1207.008)