വെള്ളിയാമറ്റത്ത് ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂമാല ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി) പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ഇവിടെ 50 പേര്‍ക്കുള്ള സൗകര്യങ്ങളാണ് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മുറികളും ശുചിമുറികളും സജീകരിച്ചിട്ടുണ്ട്. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും, വീടുകളില്‍ ഐസോലോഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നത്. ആളുകളെ ഡിസിസിയിലേക്ക് മാറ്റുന്നതിനും കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് കൊണ്ടുപോകുന്നതിനുമായി ഗ്രാമപഞ്ചായത്ത് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്കും ഗ്രാമപഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ 501 കോവിഡ് രോഗികളാണ് നിലവിലുള്ളത്. ഇതില്‍ 453 പേര്‍ ഹോം ക്വാറന്റെയിനിലും 25 പേര്‍ ഡി.സി.സിയിലും കഴിയുന്നു. ഡി.സി.സിയില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചണ്‍ വഴിയാണ് നല്‍കുന്നത്.
ഇതുവരെ പഞ്ചായത്തില്‍ താമസിക്കുന്ന 2800 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിക്കഴിഞ്ഞു. ട്രൈബല്‍ മേഖലകളില്‍ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കൂടിവരികയാണ്. ഈ മേഖലകളില്‍ പ്രത്യേക വാകിസിനേഷന്‍ ക്യാമ്പുകളും, കോവിഡ് ടെസ്റ്റുകളും നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇളംദേശം സി.എച്ച്.സി. യുടെ നേത്യത്വത്തില്‍ മേത്തൊട്ടി മേഖലയിലും, മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ട്രൈബല്‍ മേഖലയായ നാളിയാനിയിലും ആന്റിജന്‍ ടെസ്റ്റ് നടത്തി. പോസ്റ്റീവ് കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ പഞ്ചായത്ത് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഇന്ദു ബിജു അറിയിച്ചു.
കോവിഡ് മൂലം മരണപെട്ട നിര്‍ദ്ധനരായവര്‍ക്ക് പഞ്ചായത്തിന്റെ പൊതുശ്മശാന സൗകര്യം സൗജന്യമായി നല്‍കിവരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത കര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വാര്‍ഡ് തല സമിതി അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടത്തുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.
ചിത്രം. പൂമാലയില്‍ ആരംഭിച്ച ഡൊമിസിലറി കെയര്‍ സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു നിര്‍വഹിക്കുന്നു