മന്ത്രിസഭായോഗം: സൗജന്യ ഓണക്കിറ്റ് വിതരണത്തില്‍ തീരുമാനം ഇന്നുണ്ടാകും
സൗജന്യ ഓണക്കിറ്റ് വിതരണത്തില്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇന്നുണ്ടാകും. ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ സൗജന്യക്കിറ്റ് ഉണ്ടാകൂ എന്ന സൂചന പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗതീരുമാനം അതീവ നിര്‍ണായകമാകും. സര്‍ക്കാര്‍ ജീവനക്കാരുടെ ഓണ ബോണസിലും ഇന്ന് തീരുമാനമാകും. കൊവിഡ് സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചിരുന്നത്. സംസ്ഥാനത്തെ 90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. 500 രൂപ വിലയുള്ള സാധനങ്ങളാണ് ഓണക്കിറ്റില്‍ ലഭിച്ചിരുന്നത്. ഇത്തവണ കാര്‍ഡ് ഉടമകളുടെ എണ്ണം 93 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് നല്‍കുന്നതിന് 500 കോടിയിലേറെ രൂപ ചെലവ് വരുന്നതിനാല്‍ സാമ്പത്തിക പിരിമുറുക്കങ്ങളുടെ സമയത്ത് കിറ്റ് നല്‍കേണ്ട നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് സൂചന. സംസ്ഥാനത്ത് ഇത്തവണ എല്ലാവര്‍ക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഓണക്കിറ്റ് നല്‍കുന്നതില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ എന്‍ ബാലഗോപാല്‍ അറിയിക്കുകയായിരുന്നു. ഇത്തവണയും ഓണക്കിറ്റ് നല്‍കും, ആര്‍ക്കൊക്കെയെന്ന് തീരുമാനമാനിച്ചിട്ടില്ല.ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സപ്ലൈകോ പ്രതിസന്ധി തീര്‍ക്കാന്‍ പണം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.