ഏലം കര്‍ഷകര്‍ക്ക് വിനയായി വ്യാജ കീടനാശിനികളും ഏജന്‍സികളും
കട്ടപ്പന: ഏലത്തോട്ടങ്ങളില്‍ ഉണ്ടാകുന്ന കീടരോഗബാധയുടെ മറവില്‍ കര്‍ഷകരെ കബളിപ്പിച്ച് പണം തട്ടുന്ന കീടനാശിനി ഏജന്‍റുമാരും സംഘങ്ങളും ജില്ലയില്‍ സജീവം. പുതുതായി ഏലം കൃഷിയിലേക്ക് ഇറങ്ങുന്നവരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ഏലത്തിന് സാധാരണ ഉണ്ടാകുന്ന കീടരോഗബാധക്ക് പ്രതിവിധി തങ്ങളുടെ പക്കലുണ്ടെന്നും അധിക വിളവ് ലഭിക്കുമെന്നും ഒക്കെ പറഞ്ഞാണ് ഇവര്‍ കര്‍ഷകരെ സമീപിക്കുന്നത്.
തണ്ടുതുരപ്പൻ, വെള്ളീച്ചകളുടെ ആക്രമണം, തട്ടമറിച്ചില്‍, വേര് ചീയല്‍, കായ് പൊഴിച്ചില്‍, കായില്‍ മഞ്ഞ നിറം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ കീടനാശിനികള്‍ തങ്ങളുടെ പക്കല്‍ സ്റ്റോക് ഉണ്ടെന്നും നൂറുശതമാനം ഫലപ്രാപ്തി ഉള്ളതാണെന്നും പറഞ്ഞാണ് ഇവര്‍ കര്‍ഷകരെ സമീപിക്കുന്നത്. രോഗങ്ങള്‍ മാറാന്‍ തോട്ടങ്ങളില്‍ അടിക്കേണ്ട മരുന്നുകള്‍ ഏതെല്ലാമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രംഗത്തെത്തുന്നത്. തുടര്‍ന്ന് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ അടക്കം കീടനാശിനികള്‍ തമിഴ്നാട്ടില്‍നിന്ന് എത്തിച്ച് തോട്ടങ്ങളില്‍ പ്രയോഗിക്കുകയാണ് പതിവ്. തമിഴ്‌നാട്ടില്‍നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വരുന്നതാണ് ഇത്തരം കീടനാശിനികള്‍.
ഒരേക്കര്‍ തോട്ടത്തിന് മരുന്ന് തളിക്കുന്നതിന് 25,000 മുതല്‍ 50,000 രൂപവരെ വാങ്ങുന്ന സംഘങ്ങളുണ്ട്. എന്നാല്‍, മരുന്നടിക്ക് ശേഷവും ഏലത്തിന്‍റെ രോഗങ്ങള്‍ക്ക് കുറവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാല്‍ വീണ്ടും മറ്റൊരു മരുന്ന് പ്രയോഗിക്കണമെന്നാണ് ഇവരുടെ നിര്‍ദേശം.
വിള നശിക്കാതിരിക്കാന്‍ വലിയ തുക കൊടുത്ത് ഇത്തരത്തില്‍ മരുന്നടിക്കുന്ന കര്‍ഷകര്‍ നിരവധിയാണ്. എന്നാല്‍, അശാസ്ത്രീയമായി ഏലത്തോട്ടത്തില്‍ രാസ മരുന്നുകള്‍ പ്രയോഗിക്കുന്നത് ചെടികള്‍ക്കും മണ്ണിനും ദോഷമാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഏലത്തിന് വില ഉയര്‍ന്നതോടെ ഇതര വിളകള്‍ കൃഷി ചെയ്തിരുന്ന ഭൂമി വലിയ തുക മുടക്കിയാണ് കര്‍ഷകര്‍ ഏലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വിളവെടുക്കാൻ കഴിയുന്ന ഞള്ളാനി പോലുള്ള അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങളുടെ തൈകളാണ് പുതിയ കൃഷിക്കായി വാങ്ങുന്നത്.
തൈ വില്പനക്കാരില്‍നിന്ന് കര്‍ഷകരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് വ്യാജ കീടനാശിനി ഏജൻസികള്‍ കര്‍ഷകരെ സമീപിക്കുന്നത്. ഇത് കര്‍ഷകര്‍ക്കും കൃഷി ഭൂമിക്കും ഒരുപോലെ ഹാനികരമായതിനാല്‍ ഇത്തരം ഏജൻസികളെ നിയന്ത്രിക്കാനും വ്യാജ കീടനാശിനികളുടെ കേരളത്തിലേക്കുള്ള വരവ് നിയന്ത്രിക്കാനും സ്‌പൈസസ് ബോര്‍ഡ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.