6 വര്‍ഷത്തിനിടെ 159 കൊലക്കേസ് പ്രതികള്‍; ‘അതിഥി’യേത് ക്രിമിനലേത്?കുഴങ്ങി പൊലീസ്…
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം കേരളത്തെ നടുക്കുമ്പോള്‍ , അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കൊലക്കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായി സര്‍ക്കാരിന്‍റെ തന്നെ കണക്കുകള്‍ പറയുന്നു. 2016 മേയ് മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള ആറുവര്‍ഷത്തില്‍ 159 അതിഥി തൊഴിലാളികളാണ് കൊലക്കേസുകളില്‍ പ്രതികളായത്. 118 കേസുകളിലാണ് ഇത്രയും പേര്‍ ഉള്‍പ്പെട്ടതെന്നും ആഭ്യന്തര വകുപ്പിന്‍റെ കണക്കുകള്‍ കാണിക്കുന്നു. തൊഴില്‍മന്ത്രി നിയമസഭക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഇന്റര്‍ ഓപറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ അതിഥിതൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണോ എന്ന് പരിശോധിക്കാറുണ്ടെന്നും മന്ത്രി നല്‍കിയ ഉത്തരം വ്യക്തമാക്കുന്നു.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും മൈഗ്രന്‍റ് ലേബര്‍ റജിസ്റ്റര്‍ ഉണ്ട്. ഇതില്‍ പേരും ആധാര്‍ നമ്പറും ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍സൂക്ഷിക്കാറുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. സ്പെഷല്‍ബ്രാഞ്ച് , ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ അതിഥി തൊഴിലാളികളെ സ്ഥിരമായി നിരീക്ഷിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിഥി തൊഴിലാളികളുടെ തിരിച്ചറിയല്‍ മുതല്‍ ആരോഗ്യപരിരക്ഷ വരെ ഉറപ്പാക്കാന്‍ ആവാസ് എന്ന പദ്ധതി തൊഴില്‍വകുപ്പും നടപ്പാക്കി വരികയാണെന്നാണ് പറയുന്നത്. ഇതെല്ലാമുണ്ടായിട്ടും ക്രിമിനല്‍പശ്ചത്തലമുള്ളവരെ കണ്ടെത്തുന്നതിലും ഇവരുള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിലും വന്‍പരാജയമാണ് ഉണ്ടായിരിക്കുന്നത്.