വട്ടവടയിലേക്ക് വാഹനങ്ങൾ പോയിത്തുടങ്ങി
മൂന്നാർ : റോഡിലെ തടസ്സങ്ങൾ പരമാവധി നീക്കംചെയ്ത് വട്ടവടയിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, ലോറി പോലുള്ള വലിയ വാഹനങ്ങൾ കടന്നുപോകാൻ ഇനിയും സമയം പിടിക്കും.
വെള്ളിയാഴ്ച രാത്രി മുതലുണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങളും പോസ്റ്റും വീണാണ് വട്ടവടയിലേക്കുള്ള ഗതാഗതം നിലച്ചത്. പ്രധാന റോഡുകളിൽ തടസ്സമായി കിടന്നിരുന്ന മരങ്ങൾ അഗ്നിരക്ഷാസേന, പഞ്ചായത്ത്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മുറിച്ച് നീക്കി.
പാതകളിൽ പലയിടത്തും വൈദ്യുതി തൂണുകൾ ഒടിഞ്ഞുകിടക്കുന്നത് ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്. റോഡിനു നടുക്കുകിടക്കുന്ന തൂണുകൾ വശങ്ങളിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്.
എം.പിയും നിയുക്ത എം.എൽ.എയും സന്ദർശിച്ചു
നാശനഷ്ടമുണ്ടായ വട്ടവടയിലെ വിവിധ പ്രദേശങ്ങളിൽ ഡീൻ കുര്യാക്കോസ് എം.പി, നിയുക്ത എം.എൽ.എ. എ.രാജാ തുടങ്ങിയവർ സന്ദർശിച്ചു.
ഞായറാഴ്ച രാവിലെ വട്ടവടയിൽ സന്ദർശനത്തിനുശേഷം എം.പി. പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഭരണസമിതി എന്നിവരുമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തിങ്കളാഴ്ച കളക്ടറെനേരിട്ടുകണ്ട് സ്ഥിതിഗതി ധരിപ്പിച്ച് അവശ്യമായ സഹായങ്ങൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.പി. പറഞ്ഞു. തുടർന്ന് ചികിത്സ വൈകിയതിനെ തുടർന്ന് മരണപ്പെട്ട ചിലന്തിയാറിലെ രാമറിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു.
ചികിത്സാസൗകര്യം; നടപടി സ്വീകരിക്കും
ചികിത്സാ സംവിധാനങ്ങളില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വട്ടവടയിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിൽനിന്നു പ്രദേശവാസികൾക്ക് 24 മണിക്കൂറും അടിയന്തര ചികിത്സാ സഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി ഡി.എം.ഒ.യുമായി ചർച്ചനടത്തുമെന്നും എം.പി. പറഞ്ഞു. ചികിത്സാ സമയമായ രണ്ടുമണി കഴിഞ്ഞ്, വട്ടവടയിൽ തന്നെ താമസിക്കുന്ന ആരോഗ്യപ്രവർത്തകർ അത്യാവശ്യഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ നാട്ടുകാർക്ക് നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എം.പി. ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാൾ ബാലൻ, ഡി.കുമാർ, കൃഷ്ണമൂർത്തി ,മാരിയപ്പൻ, മോഹൻദാസ് എന്നിവരും എം.പി.ക്ക് ഒപ്പമുണ്ടായിരുന്നു.
ഇനിയും വൈദ്യുതി എത്തിയില്ല; മൊബൈൽ റേഞ്ചും
വട്ടവട മേഖലയിൽ എഴുപതിലധികം തൂണുകളാണ് തകർന്നത്. ഇതോടെ മേഖലയിൽ രണ്ടുദിവസമായി വൈദ്യുതി ബന്ധവും മൊബൈൽ റേഞ്ചും നിലച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയിലാണ് വട്ടവട മേഖലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങൾ ഉണ്ടായത്. അൻപതിലധികം വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. 50 ഹെക്ടറിലധികം സ്ഥലത്തെ കൃഷികൾ നശിച്ചു.
ഗതാഗതം നിലച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സ ലഭിക്കാതെ ഹൃദയാഘാതമുണ്ടായ ചിലന്തിയാർ സ്വദേശി രാമർ (65) ആശ ുപത്രിയിലേക്കുള്ള വഴിമധ്യേ വാഹനത്തിൽ മരണപ്പെട്ടിരുന്നു.