നാട്ടുവാര്‍ത്തകള്‍
വാഗമണ്ണിനും വളകോടിനും മധ്യേ റോഡ് ഇടിഞ്ഞു
ഉപ്പുതറ ∙ തേക്കടി-കൊച്ചി സംസ്ഥാന പാത കുവലേറ്റത്തിനു സമീപം ഇടിഞ്ഞു താഴ്ന്നു. വാഗമണ്ണിനും വളകോടിനും മധ്യേയാണ് നിർമാണത്തിലുള്ള റോഡിന്റെ ഭാഗം ടാറിങ് ഉൾപ്പെടെ ഇടിഞ്ഞത്. മൺതിട്ടയുടെ ഭാഗം മുതൽ ടാറിങ്ങിന്റെ മധ്യഭാഗം വരെയാണ് താഴ്ന്നിട്ടുണ്ട്. ഇതിനു മധ്യേയുള്ള ഐറിഷ് ഓടയും നശിച്ചു. മുൻവർഷവും ഇവിടെ റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു.
ഇവിടെ കലുങ്ക് നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ഗർത്തത്തിൽ മണ്ണിട്ട് നികത്തി ടാറിങ് നടത്തുകയായിരുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. മുൻപ് മൂടിയ ഗർത്തത്തിലെ മണ്ണ് ഒലിച്ചു പോയതാകാം ഇപ്പോഴത്തെ സ്ഥിതിക്കു കാരണമെന്നാണ് വിലയിരുത്തൽ.