നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത് വ്യക്തിത്വം; അബ്ദുൽ കലാം വിട പറഞ്ഞിട്ട് 8 വർഷം


ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത് വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നൽകി.
ഇന്ത്യൻ യൗവനത്തിനു ലാളിത്യം, സത്യസന്ധത എന്നിവ പഠിപ്പിച്ച കർമനിരതനായ ധിഷണാശാലിയായിരുന്നു അബ്ദുൽ കലാം. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിൽ ഇരിക്കുമ്പോഴും കൊച്ചു കുട്ടികളോട് പോലും അനുഭാവപൂർവം പെരുമാറിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ- വിശേഷണങ്ങൾ അനവധിയാണ്.
രാമേശ്വരത്തെ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരു ബാലൻ ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായ കഥ ഏതൊരു ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്നതാണ്. വിശ്രമ ജീവിതത്തിലേക്കും കിടന്നപ്പോഴും നൂറു ശതമാനവും കർമ്മനിരതനായിരുന്നു കലാം. ജനിച്ച ചുറ്റുപാടുകൾ ഒരിക്കലും ജീവിതത്തിൽ പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന് ഉദ്ഘോഷിച്ച ദീർഘ വീക്ഷണമുള്ള അപൂർവ പ്രതിഭയായിരുന്നു അബ്ദുൽ കലാം .
ലോക രാജ്യങ്ങൾ ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നതിൽ പ്രധാന പങ്കു വഹിച്ച പൊഖ്റാൻ 2 ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞൻ ആയിരുന്നു കലാം. ഡിആർഡിഓ സെക്രട്ടറി ആയിരിക്കെ ആയിരുന്നു ഇത്. ഐഎസ്ആർഓ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിർമിച്ച കലാം, ഇന്ത്യൻ മിസൈലുകളുടെ നിർമാണത്തിലും പ്രധാന പങ്കുവഹിച്ചു. ശാസ്ത്ര രംഗത്തെ മികവുകൾ പരിഗണിച്ച് രാജ്യം ഭാരതരത്‌ന നൽകി കലാമിനെ ആദരിച്ചിട്ടുണ്ട്.
ബാല്യ കാലത്തു പത്രം വിറ്റു നടന്നും മറ്റും നേടിയ ജീവിതാനുഭവങ്ങൾ, മികച്ച ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രചോദനമായി കലാം മാറ്റി. ലക്ഷ്യബോധമുള്ള , കാമ്പുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള യജ്ഞത്തിൽ വ്യാപരനായിരുന്ന കലാം, ഐഐഎം ഷില്ലോങ്ങിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് അന്തരിച്ചത്.
കഠിനാധ്വാനവും സൂക്ഷ്മ ജീവിതവും സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ചിട്ടയായ സപര്യയാണെന്ന് നമ്മോട് ഉദ്ഘോഷിച്ച മഹാനുഭാവനായ കലാമിന്റെ ജീവിതം ഏതൊരു മനുഷ്യനും പാഠപുസ്തകമാണ്.