മൺസൂൺ കുളിരിൽ മീശപ്പുലിമല
മൂന്നാര്‍: മഴയും കോടമഞ്ഞും സൗന്ദര്യമൊരുക്കുന്ന മീശപ്പുലിമലയിലേക്ക് ഈ മണ്‍സൂണിലും സഞ്ചാരികളുടെ ഒഴുക്കിന് കുറവില്ല.പ്രകൃതി മനോഹാരിതയും ഒപ്പം സാഹസികതയും ഇഷ്ടപ്പെടുന്ന ഒട്ടേറെ സന്ദര്‍ശകരാണ് ഈ മലമേലെ കയറാൻ എത്തുന്നത്.സംസ്ഥാന വനം വികസന കോര്‍പറേഷനാണ് (കെ.എഫ്.ഡി.സി) ഇവിടത്തെ ടൂറിസം നിയന്ത്രിക്കുന്നത്. 70 പേര്‍ക്ക് വരെയാണ് ഒരുദിവസം ഇവിടം സന്ദര്‍ശിക്കാനും താമസിക്കാനും വനംവകുപ്പ് സൗകര്യമൊരുക്കിയിട്ടുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മീശപ്പുലിമലയിലേക്ക് മൂന്നാറില്‍നിന്ന് 34 കിലോമീറ്ററാണ്. സന്ദര്‍ശകര്‍ക്ക് താമസിക്കാൻ ടെന്റുകളും റോഡോമാൻഷൻ എന്ന പേരില്‍ അതിഥി മന്ദിരവുംഇവിടെയുണ്ട്.
റോഡോമാൻഷനില്‍ താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരാള്‍ക്ക് മീശപ്പുലിമല സന്ദര്‍ശനത്തിന് 3245 രൂപയാണ് ഈടാക്കുന്നത്. 18 പേര്‍ക്ക് ഇവിടെ താമസിക്കാം. ജൂലൈ 31 വരെ 2750 രൂപയാണ് മണ്‍സൂണ്‍ ഓഫര്‍ നിരക്ക്. ടെന്റുകളില്‍ 50 പേര്‍ക്കുവരെ താമസ സൗകര്യമുണ്ട്. ബേസ് ക്യാമ്ബിലാണ് ടെന്റുകള്‍. ഭക്ഷണവും ക്യാമ്ബ് ഫയറും വനംവകുപ്പ് ഒരുക്കും.
മൂന്നാറില്‍നിന്ന് ഉച്ചയോടെയാണ് മീശപ്പുലിമല യാത്ര ആരംഭിക്കുന്നത്. കണ്ണൻ ദേവൻ കമ്ബനിയുടെ സൈലന്റ്വാലി എസ്റ്റേറ്റില്‍ എത്തിയ ശേഷമാണ് മലകയറ്റം. മീശപ്പുലിമല വരെ ജീപ്പുകള്‍ എത്തും.ഒരു രാത്രി താമസിച്ച് പിറ്റേന്ന് സൂര്യോദയവും കണ്ടാണ് മടക്കം.
ഭക്ഷണവും ക്യാമ്ബ് ഫയറും പാക്കേജിന്റെ ഭാഗമാണ്. റോഡോമാൻഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്ന് 300 മീറ്റര്‍ മല കയറിയാല്‍ സണ്‍സെറ്റ് പോയന്റിലെത്താം.അവിടെനിന്ന് മൂന്നര കിലോമീറ്റര്‍ ഉയരത്തിലാണ് മീശപ്പുലിമലയുടെ ഉയരം കൂടിയ ഭാഗം. വരയാടുകളുടെ ആവാസമേഖല കൂടിയാണിവിടം. ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി സിനിമ ചിത്രീകരിച്ചതും ഇവിടെയാണ്.www.kfdcecotourism.com എന്ന വെബ്സൈറ്റ് വഴിയാണ് മീശപ്പുലിമലയിലേക്ക് പോകാൻ ബുക്ക് ചെയ്യേണ്ടത്.