വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെവെള്ളക്കെട്ട്; പരിഹാര നടപടികള്‍ ആരംഭിച്ചു
വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് പരിഹരിക്കാന്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടമായി ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടുകോടി രൂപയാണ് ആശുപത്രിയുടെയും പരിസരത്തിന്റെയും നവീകരണത്തിനും മറ്റു പ്രവൃത്തികള്‍ക്കുമായി അനുവദിച്ചിരിക്കുന്നത് .
മഴക്കാലമാകുമ്പോള്‍ പെരിയാര്‍ ചോറ്റുപാറ കൈത്തോട് നിറഞ്ഞു കവിഞ്ഞ് ആശുപത്രിയില്‍ വെള്ളം കയറുക പതിവായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് വെള്ളം കയറി നശിച്ചു കൊണ്ടിരുന്നത്.
150 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയിലും നവീകരിക്കുന്ന തോടിന്റെ സംരക്ഷണഭിത്തി നിര്‍മാണവും തോടിന് കുറുകെ ആശുപത്രിയിലേക്ക് കടക്കുന്ന പാലത്തിന്റെ വീതി കൂട്ടലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകിട ജലസേചന വകുപ്പിനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. വീതി കൂട്ടുമ്പോള്‍ തോടിന്റെ ഇരുവശങ്ങളിലുമുള്ള വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ റവന്യു-ചെറുകിട ജലസേചന വകുപ്പുകള്‍ സംയുക്തമായി സര്‍വെ നടത്തി ശേഖരിക്കും.
സ്ഥലസന്ദര്‍ശനത്തില്‍ ഭൂരേഖ തഹസില്‍ദാര്‍ സുരേഷ് കുമാര്‍ പി.എസ്, ചെറുകിട ജലസേചന വകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, റവന്യു- ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.