ഇംഫാലില്‍ സംഘര്‍ഷം പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
മണിപ്പുര്‍ വീണ്ടും സംഘര്‍ഷഭരിതം. ഇംഫാലില്‍ നടന്ന സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, മണിപ്പുരില്‍ നടക്കുന്ന പീഡനക്കൊലപാതകങ്ങളില്‍ അന്വേഷണമോ അറസ്റ്റോ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മേയ് നാലിന് രണ്ട് കുക്കി യുവതികളെ പീഡിപ്പിച്ചുകൊന്നതിലാണ് ഇതുവരെ ഒരു അറസ്റ്റ് പോലുമില്ലാത്തത്. ഇംഫാല്‍ ഈസ്റ്റില്‍ കാര്‍ വാഷ് സെന്‍ററില്‍ ജോലി ചെയ്തിരുന്ന ഇരുപത്തിയൊന്നും ഇരുപത്തിനാലും വയസ്സുള്ള രണ്ട് യുവതികളെയാണ് ഇരുന്നൂറോളം വരുന്ന അക്രമിസംഘം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ താമസിച്ച മുറികളില്‍വച്ചായിരുന്നു കൂട്ടബലാല്‍സംഘം. പക്ഷേ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും പൊലീസ് നല്‍കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇവിടെനിന്ന് 40 കിലോമീറ്റര്‍ അകലെയാണ് രണ്ട് യുവതികളെ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഘത്തിനിരയാക്കിയത്. ഈ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മറ്റ് നാലുപേരെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.