മണിപ്പൂരില്‍ നിന്നെത്തിയ ബാലിക സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടി; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി
മണിപ്പുരില്‍നിന്നെത്തിയ ബാലിക സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടി. ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയാണ് തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പ്രവേശനം നേടിയത്. ജേ ജെമ്മിനെ സ്‌കൂളില്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും പറ്റിയ ഇടമാണ് കേരളം.തുടര്‍ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കവടിയാറിലെ ആദായനികുതി ഓഫിസില്‍ ജോലി ചെയ്യുന്ന ബന്ധുവിനൊപ്പമാണ് ജേ ജെം കേരളത്തില്‍ എത്തിയത്. അമ്മയുടെ ബന്ധുവാണ് കേരളത്തില്‍ ജോലി ചെയ്യുന്നത്.
മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്
മണിപ്പൂരില്‍ നിന്നെത്തി തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ളാസില്‍ പ്രവേശനം നേടിയ ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയിയെ നേരില്‍ കണ്ടപ്പോള്‍ കേരളം നല്‍കുന്ന സുരക്ഷിതത്വബോധമാണ് കൈമാറിയത്. അശാന്തിയുടെ നാളുകളില്‍ ബന്ധുവിനൊപ്പം മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ കേരളത്തിലേക്ക് വണ്ടി കയറുമ്പോള്‍ ആ പിഞ്ചു ഹൃദയത്തില്‍ എന്താകും തോന്നിയിട്ടുണ്ടാവുക?
പ്രിയപ്പെട്ട ജേ ജെം, സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും പറ്റിയ ഇടമാണ് കേരളം.തുടര്‍ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അറിയിക്കുന്നു.