വട്ടവട പഞ്ചായത്ത് ഒറ്റപ്പെട്ടു;ഭിത്തിവീണ് മൂന്നുപേർക്ക് പരിക്ക് 50 ഹെക്ടർ കൃഷി നശിച്ചു ഗതാഗതം താറുമാറായി


മൂന്നാർ : വീശിയടിച്ച കനത്ത കാറ്റും മഴയും വട്ടവടയെ ഭീതിയുടെ മുൾമുനയിലാണ് നിർത്തിയത്. കനത്ത നാശനഷ്ടമുണ്ടായി.
അൻപതിലധികം വീടുകൾ ഭാഗികമായും രണ്ടെണ്ണം പൂർണമായും തകർന്നു. വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു.
മഴയിലും മണ്ണിടിച്ചിലിലും 50 ഹെക്ടർ സ്ഥലത്തെ ശീതകാല പച്ചക്കറി കൃഷിയാണ് ഭാഗിമായി നശിച്ചത്. മരങ്ങളും വൈദ്യുതിത്തൂണുകളും മറിഞ്ഞുവീണ് പഞ്ചായത്തിലേക്കുള്ള ഗതാഗതം പൂർണമായും മുടങ്ങി. ഇതോടെ വട്ടവട പഞ്ചായത്ത് ഒറ്റപ്പെട്ടു.
കോവിലൂർ, വട്ടവട, കൊട്ടാക്കമ്പൂർ, ചിലന്തിയാർ, പഴത്തോട്ടം മേഖലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. വൈദ്യുതി ബന്ധം പൂർണമായും നിലച്ചതോടെ മൊബൈൽ ടവറുകളും നിശ്ചലമായിരിക്കുകയാണ്.
രാത്രിയിൽ കലിതുള്ളി
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് വട്ടവടയിൽ മഴ ശക്തമായത്. കൂടെ കനത്ത കാറ്റും. ഇതോടെ നാട്ടുകാർ പേടിച്ചു. സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ ബന്ധുക്കളുടെ അടച്ചുറപ്പുള്ള വീടുകളിലേക്ക് മാറി.
എന്നാൽ, വട്ടവട,കോവിലൂർ സൗത്ത് വാർഡിലെ എസ്.സി. കോളനിയിൽ താമസിക്കുന്ന രാമർ, ഭാര്യ, മകൾ എന്നിവർക്ക് വീടിന്റെ ഭിത്തി മറിഞ്ഞുവീണ് ചെറിയ പരിക്കേറ്റു. ശക്തമായ കാറ്റിലാണ് ഭൂരിഭാഗം വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മേൽക്കൂരകൾ തകർന്നത്. ചിലന്തിയാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണും വീടുകൾ തകർന്നു. മണ്ണിടിഞ്ഞതും ആശങ്ക ഉയർത്തി.
എന്നുവരും വൈദ്യുതി
പഞ്ചായത്തിലെ വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. എഴുപതിലധികം പോസ്റ്റുകളാണ് ഒടിഞ്ഞുവീണിരിക്കുന്നത്. പലതും വഴിയോരങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് വീണത്. അവയ്ക്കെല്ലാം കേട് പറ്റി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്.
പാതയോരങ്ങളിൽനിന്നിരുന്ന ഗ്രാന്റിസ് ഉൾപ്പെടെയുള്ള മരങ്ങളും റോഡിലേക്ക് മറിഞ്ഞുവീണു. ഇതോടെ ഗതാഗതം നിലച്ചു. പഞ്ചായത്ത്, നാട്ടുകാർ, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് മറിഞ്ഞുവീണ മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.