നടുറോഡിലെ വൈദ്യുതിത്തൂണുകൾ മാറ്റിത്തുടങ്ങി


രാജാക്കാട് : മൈലാടുംപാറ-രാജാക്കാട് റോഡിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതിപോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ കെ.എസ്.ഇ.ബി.ആരംഭിച്ചു. റോഡ് വീതികൂട്ടിയപ്പോൾ പതിനെട്ട് പോസ്റ്റുകളാണ് റോഡിന് നടുക്കായത്.
17 കോടി രൂപ മുതൽ മുടക്കിയാണ് മൈലാടുംപാറ മുതൽ കുത്തുങ്കൽ ടൗൺ വരെയുളള 10 കി.മീ. ദൂരം റോഡ് ദേശീയ പാത നിലവാരത്തിൽ പുതുക്കി പണിയുന്നത്. മലയോര ഹൈവേയുടെ ഭാഗമായ റോഡിനു നടുവിൽ നിൽക്കുന്ന വൈദ്യുതിപോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെ ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയത് അപകടം ക്ഷണിച്ചു വരുത്തുകയാണന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനായി കരാറുകാരൻ കെ.എസ്.ഇ.ബി.യിൽ തുക കെട്ടിവെയ്ക്കാത്തതിനാലാണ് വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കാലതാമസം നേരിട്ടത്. വാർത്തകളെ തുടർന്ന് കരാറുകാരൻ ഈ തുക കെ.എസ്.ഇ.ബി.യിൽ അടച്ചു.
സാങ്കേതിക അനുമതി ഉൾപ്പെടെയുള്ള നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കിയാണ് വൈദ്യുതി പോസ്റ്റുകൾ മാററി സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നത്. ഇതിൽ ഏറ്റവും അധികം അപകട ഭീഷണി ഉയർത്തിയ സ്ളീവാമല പള്ളിക്കു സമീപം നടുറോഡിൽ നിന്നിരുന്ന വൈദ്യുതിത്തൂൺ മാറ്റി.