ഇടുക്കി അണക്കെട്ടിനു സമീപം പാറ അടർന്നു വീണ സംഭവം: സുരക്ഷാവിഭാഗം അന്വേഷിക്കും
ചെറുതോണി: ഇടുക്കി അണക്കെട്ടിന് സമീപം പാറയടര്‍ന്നുവീണ സംഭവം വൈദ്യുതി ബോര്‍ഡിന്‍റെ സുരക്ഷ വിഭാഗം അന്വേഷിക്കും. അതേസമയം, പാറയടര്‍ന്നുവീണത് മൂലം ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നങ്ങളുമില്ലെന്ന് സാംസുരക്ഷ അതോറിറ്റി അറിയിച്ചു.
ഡാമിനു സമീപം പാറയടര്‍ന്നുവീഴുന്നതും മലയിടിച്ചിലും ഇതിന് മുമ്ബും ഉണ്ടായിട്ടുണ്ട്. 2004ല്‍ രണ്ടുതവണയാണ് പാറകള്‍ അടര്‍ന്നുവീണത്. ഇതേ തുടര്‍ന്ന് നാല് വീട്ടുകാരെ റവന്യൂ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 2010 ഒക്ടോബര്‍ 19ന് ഇടുക്കി ഡാമിന്‍റെ ഒരുവശത്തുള്ള കുറത്തിമലയുടെ മുകളില്‍നിന്ന് കൂറ്റൻ പാറ അടര്‍ന്നുവീണു. ഇടുക്കി ഡാം ടോപ്പില്‍ കുറത്തിമലയുടെ മുകള്‍ ഭാഗത്തുനിന്ന് പാറയുടെ ഒരുഭാഗം താഴേക്കുപതിക്കുകയായിരുന്നു. വീടിനു മുകളിലേക്ക് വീഴേണ്ട കൂറ്റൻ പാറക്കഷണം ഗതിമാറി ചളിയില്‍ താഴ്ന്നതുമൂലം അന്ന് വൻ അപകടം ഒഴിവായി. കുറവൻ- കുറത്തി മലകള്‍ക്കിടയിലാണ് ഇടുക്കി സ്ഥിതിചെയ്യുന്നത്.
2017 ജൂണില്‍ ഇടുക്കി ആര്‍ച്ച് ഡാം ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്ത് കുറത്തിമലയില്‍നിന്ന് പാറ അടര്‍ന്നുവീണ് അണക്കെട്ടിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഇരുമ്ബു ഗോവണി തകര്‍ന്നിരുന്നു. 2019 ജൂലൈ 29ന് ചെറുതോണി അണക്കെട്ടിന് സമീപം എതിര്‍വശത്തുള്ള മലയില്‍നിന്ന് വിനോദസഞ്ചാരികള്‍ക്ക് ടിക്കറ്റ് നല്‍കുന്ന കൗണ്ടറിന് മുന്നിലേക്ക് പാറ അടര്‍ന്നുവീണ സംഭവവും ഉണ്ടായി. സന്ദര്‍ശനാനുമതി ഇല്ലാത്ത ദിവസമായിരുന്നതിനാല്‍ അപകടം ഒഴിവായി.
സംഭവത്തിനുശേഷം ഇതുവഴിയുള്ള പ്രവേശനവും പാര്‍ക്കിങ്ങും അധികൃതര്‍ സുരക്ഷയുടെ ഭാഗമായി കുറെക്കാലം നിര്‍ത്തിവെച്ചിരുന്നു. മണ്ണിടിച്ചിലും പാറയടര്‍ന്നുവീഴുന്നതും ആവര്‍ത്തിക്കുമ്ബോഴും വിശദമായ പഠനം നടത്തുമെന്നു പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടത്താറില്ലെന്ന് ആക്ഷേപമുണ്ട്. 2019ല്‍ ഡാമിന്‍റെ ഗവേഷണവിഭാഗം വിശദമായ ശാസ്ത്രീയമായ പഠനം നടത്തണമെന്ന് വൈദ്യുതി ബോര്‍ഡിനോട് ശിപാര്‍ശ ചെയ്തിരുന്നു.