കൊച്ചുകാമാക്ഷി തോടിന് പുനര്‍ജന്മം
കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും നീരൊഴുക്ക് നഷ്ടപ്പെട്ട ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകാമാക്ഷി തോടിന് പുനര്‍ജന്മം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീരുറവ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷണം ഒരുക്കിയാണ് തോടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
കട്ടപ്പന ബ്ലോക്കില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള കൊച്ചുകാമാക്ഷി തോട് മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. നീരൊഴുക്ക് തടസപ്പെട്ടതോടെ മഴക്കാലത്ത് തോടിന്റെ ഇരുവശങ്ങളിലുമുള്ള കൃഷിയിടങ്ങളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും പതിവായിരുന്നു. അതിനാലാണ് നവകേരളം പദ്ധതിയുടെ ഭാഗമായി നീരുറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ തന്നെ നീര്‍ച്ചാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. രണ്ടര കിലോമീറ്റര്‍ നീളമുള്ള നീര്‍ച്ചാലിന്റെ 700 മീറ്റര്‍ ദൂരത്തിലാണ് കയര്‍ ഭൂവസ്ത്രം വിരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഐടി മിഷന്റെ സഹായത്തോടെ നവകേരളം ഇടുക്കി ജില്ലാ ടീം അംഗങ്ങള്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളിലൂടെ ഡിജിറ്റലൈസ് ചെയ്ത നീര്‍ച്ചാലാണ് കൊച്ചുകാമാക്ഷി തോട്. കൊച്ചുകാമാക്ഷിതോട് ജലസമൃദ്ധമാകുന്നതോടെ കൃഷിയിടങ്ങള്‍ ഹരിതാഭമാകുകയും പ്രദേശത്തെ ജലസ്രോതസ്സുകള്‍ തെളിനീരിനാല്‍ സമ്പുഷ്ടമാവുകയും ചെയ്യും. സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്നതോടെ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്കും അറുതിയാകും.