പ്ലസ്വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കളാഴ്ച രാത്രി 10 മണിക്കും ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കും ഇടയിൽ സ്കൂളിൽ ചേരാം. ഇതോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പൂർത്തിയായി.
ഏകജാലകത്തിലൂടെ മെറിറ്റിന്റെ അടിസ്ഥാനത്തിലും കായിക മികവിന്റെ അടിസ്ഥാനത്തിലും പ്രവേശനം ലഭിച്ചവർക്ക് ആവശ്യമെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിലേക്കും വിഷയത്തിലേക്കും മാറാൻ അവസരം നൽകും. ഇതിനായുള്ള അപേക്ഷകൾ ബുധനാഴ്ച ഉച്ചയോടെ സ്വീകരിക്കും. തുടർന്ന് അവശേഷിക്കുന്ന സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തും.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ 16,067 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 15,571 അപേക്ഷകൾ പരിഗണിച്ചതിൽ 6,495 എണ്ണത്തിന് മാത്രമാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇപ്പോഴത്തെ അലോട്മെന്റിന് 22,928 സീറ്റാണുണ്ടായിരുന്നത്. ഇനിയും 16,433 സീറ്റ് ബാക്കിയാണ്.



























































































































