റബർ വില ഉയരങ്ങളിൽ, കുരുമുളക് വിലയിലും വർധന

ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഉൽപ്പന്നം പുതിയ ദിശ തേടുകയാണോ ? ചൈനയിലെ ടയർ നിർമാതാക്കളിൽ നിന്ന് റബറിനുള്ള ആവശ്യം ദുർബലമായതും മുൻനിര ഉൽപാദന രാജ്യമായ തായ്ലൻഡിൽ ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയും ജപ്പാനിലെ ഒസാക്കയിൽ നിക്ഷേപകരെ പുതിയ ബാധ്യതകൾ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. അതേസമയം, സാങ്കേതികമായി വിപണി ബുള്ളിഷ് പ്രവണത നിലനിർത്തുന്നുവെന്നത് ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസം പകരും.ക്രൂഡ് ഓയിലിന്റെ ഉയർന്ന വില സിന്തറ്റിക് റബറിന്റെ ഉൽപാദനച്ചെലവിനെ സ്വാധീനിക്കുന്നത് സ്വാഭാവിക റബറിന് താങ്ങാണ്. എന്നാൽ വ്യാവസായിക ആവശ്യം ശക്തമായാൽ മാത്രമേ റബറിന് ഉയരാനുള്ള കരുത്ത് ലഭിക്കൂ. കഴിഞ്ഞ വാരാന്ത്യം 450 യെന്നിലെ താങ്ങ് റബറിന് നഷ്ടമായപ്പോൾത്തന്നെ വിപണി കൈയാലപ്പുറത്തെ തേങ്ങ പോലെയാകുമെന്ന സൂചന നൽകിയിരുന്നു. ഈ വാരത്തിലെ മൂന്ന് വ്യാപാര ദിനങ്ങളിലും ആ നിർണായക പ്രതിരോധത്തിന് മുകളിൽ റബറിന് ഇടംപിടിക്കാനായില്ല. ഇതിനിടെ ബാങ്കോക്കിൽ റബർ വില 269 രൂപയിലേക്ക് താഴ്ന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ ലഭ്യമായത് റബർ വെട്ടിന് അനുകൂല സാഹചര്യമൊരുക്കുന്നു. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ നവംബർ ആദ്യ പകുതിയിൽ കൂടുതൽ ഷീറ്റ് വിൽപ്പനയ്ക്ക് ഒരുക്കാൻ കർഷകർക്കാകും. നാലാം ഗ്രേഡ് റബർ കിലോയ്ക്ക് റെക്കോർഡ് നിരക്കായ 295–296 രൂപ വരെ ഉയർന്നു. വിലക്കയറ്റം റബർ ഉൽപാദനം പരമാവധി ഉയർത്താൻ കാർഷിക മേഖലയെ പ്രേരിപ്പിക്കും. തമിഴ്നാട്ടിലെ നാളികേര, കൊപ്ര സ്റ്റോക്കിസ്റ്റുകൾ അൽപ്പം സമ്മർദത്തിലാണ്. ദീപാവലിക്ക് കേവലം പത്ത് ദിവസം മാത്രം ശേഷിക്കുമ്പോഴും വെളിച്ചെണ്ണയ്ക്ക് ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും ആവശ്യം ഉയരുന്നില്ല.
രാജ്യത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ വിൽപ്പന നടക്കുന്നത് ദീപാവലി വേളയിലാണ്. എണ്ണവിപണി ഇന്നല്ലെങ്കിൽ നാളെ ചൂടുപിടിക്കുമെന്ന നിഗമനത്തിൽ കാങ്കയത്തെ വൻകിട മില്ലുടമകൾ വെളിച്ചെണ്ണ സംഭരിച്ചിട്ടുണ്ട്. ഇതിനിടെ മാസാന്ത്യം അടുത്തതോടെ പ്രാദേശിക വിപണിയിൽ നിന്ന് പതിവ് ഓർഡറുകൾ എത്തുമെന്ന കണക്കുകൂട്ടലുകൾ വിപണിക്ക് താങ്ങ് പകരാം. അയൽസംസ്ഥാനത്ത് പച്ചത്തേങ്ങ കിലോ 50 രൂപയിലും കൊപ്ര 156 രൂപയിലുമാണ്.ഏലക്ക ലേലത്തിൽ തുടർച്ചയായി രണ്ട് ദിവസങ്ങളിൽ കിലോയ്ക്ക് 3000 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട ശരാശരി ഇനങ്ങൾ ഇന്ന് തിരിച്ചുവരവ് നടത്തി. ഉത്സവ ആവശ്യങ്ങൾക്കുള്ള സംഭരണം ഒരു പരിധിവരെ പൂർത്തിയാക്കി ഉത്തരേന്ത്യൻ ഇടപാടുകാർ അൽപ്പം പിൻവലിഞ്ഞത് കഴിഞ്ഞ ദിവസം ഉൽപ്പന്നവിലയെ സ്വാധീനിച്ചു. ഉൽപാദനമേഖലയിൽ രാവിലെ നടന്ന ലേലത്തിൽ 88,529 കിലോ ചരക്ക് വിൽപ്പനയ്ക്ക് എത്തിയതിൽ 87,649 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോയ്ക്ക് 3054 രൂപയിലും മികച്ചയിനങ്ങൾ 3709 രൂപയിലും കൈമാറ്റം നടന്നു. കുരുമുളക് വില വീണ്ടും വർദ്ധിച്ചു. അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള ഡിമാൻറ്റിൽ കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 200 രൂപ ഉയർന്ന് 73,800 രൂപയായി.




































































































































