ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാകുന്നു; കുട്ടമായെത്തി വിളകൾ നശിപ്പിക്കുന്നു
ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാകുന്നു. ഇടുക്കി നെടുങ്കണ്ടം പ്രകാശ്ഗ്രാം മേഖലയില്‍ ആണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി വിളകള്‍ നശിപ്പിച്ചത്. ടിഷ്യു കള്‍ച്ചറല്‍ വാഴ ഉള്‍പ്പെടെയുള്ള നിരവധി കൃഷി വിളകളാണ് കാട്ടുപന്നികള്‍ ഇല്ലാതാക്കിയത്. മുപ്പതോളം കാട്ടുപന്നികളാണ് കൃഷി സ്ഥലത്ത് എത്തുന്നത്. ഇതിനെതിരെ വനം വകുപ്പ് വിഷയത്തില്‍ അനാസ്ഥ കാണിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് വ്യാപകമായ കാട്ടുപന്നി ആക്രമണം ഉണ്ടായത്. മുപ്പതോളം കാട്ടുപന്നികള്‍ അടങ്ങുന്ന സംഘമാണ് രാത്രികാലങ്ങളില്‍ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കപ്പ, വാഴ,പച്ചക്കറി, ഏലം തുടങ്ങിയ കൃഷി വിളകളെല്ലാം വ്യാപകമായി കാട്ടുപന്നികള്‍ നശിപ്പിച്ചു. തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ നിന്നും എത്തുന്ന കാട്ടുപന്നികളാണ് നാശനഷ്ടം ഉണ്ടാക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഇതേസമയം അതിര്‍ത്തി മേഖലയ്‌ക്ക് പുറമേ തൂക്കുപാലം, അൻപതേക്കര്‍ തുടങ്ങിയ മേഖലകളിലും കാട്ടുപന്നിയുടെ ശല്യം തുടരുകയാണ്. കാട്ട് പന്നികളെ വെടിവെച്ച് പിടികൂടാൻ പഞ്ചായത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടിയും അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.