വളർത്ത് മൃഗങ്ങൾക്ക് തെരുവ് നായക്കളുടെ ആക്രമണത്തിൽ പരിക്ക്


കട്ടപ്പന : സുവർണ്ണഗിരിയിൽ തെരുനായ്ക്കൾ വളർത്ത് മൃഗങ്ങളെ കടിച്ചു കീറി.നായ കൂട്ടത്തിന്റെ ആക്രമണത്തിൽ മൂന്ന് ആടുകൾക്കാണ് പരിക്കേറ്റത്.ആടുകളെ കട്ടപ്പനയിലെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.ഇന്ന് പുലർച്ചെയാണ് സുവർണ്ണഗിരിയിലും, ആഞ്ഞിലിപ്പാലത്തുമായി പത്തോളം തെരുവ് നായ്ക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.മുണ്ടനാനിയിൽ ലാലച്ചൻ വളർത്തുന്ന രണ്ടര വയസ്സ് പ്രായമുള്ള ആടിനാണ് ആദ്യം കടിയേറ്റത്.കൂട്ടിനകത്ത് നിന്ന ആടിനെ ആറോളം നായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്.നാലുമണിയോടെയാണ് ആഞ്ഞിലിപ്പാലംപുള്ളോലിൽ ജോഷിയുടെ ആടിനെയും നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചത്. ദേഹമാസകലം കടിയേറ്റ ആടിനെ കട്ടപ്പനയിലെ മൃഗാശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്‌സ നൽകി രക്ഷപ്പെടുത്തി. അതിരാവിലെ ആറരയോടെ ആഞ്ഞിലിപ്പാലം മേഖലയിൽ നായകൾ വീണ്ടുമെത്തി. തുടർന്ന് തീറ്റ തിന്നുകൊണ്ടിരുന്ന കലംകെട്ടിമാക്കൽ വിനയചന്ദ്രന്റെ ആടിനെയും ആക്രമിച്ചു .സുവർണ്ണഗിരി മേഖലയിൽ നിരന്തരമായി തെരുവ് നായ ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.വളർത്ത് നായ്ക്കളുടെ ശല്യവും ഉണ്ടാകാറുണ്ടെന്നും ഇവർ പറയുന്നു.