നോട്ട് ഇരട്ടിപ്പ് മുതല്‍ കള്ളപ്പണം വരെ .സാധാരണക്കാരെ കെണിയിലാക്കി വന്‍ തട്ടിപ്പ് സംഘങ്ങള്‍


സാധാരണക്കാരുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് പണം തട്ടിയെടുത്ത് മുങ്ങുന്ന സംഘങ്ങള്‍ ജില്ലയില്‍ വീണ്ടും സജീവമാകുന്നു. കള്ളനോട്ട്, നോട്ട് ഇരട്ടിപ്പ്, വിദേശ ജോലി, നക്ഷത്ര ആമ, ആനക്കൊമ്പ് തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചാണ് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി വന്‍ സംഘങ്ങള്‍ മുങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വല വീശുന്നത്. അടുത്തിടെയായി നിരവധി പേരാണ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അകപ്പെട്ട് ജില്ലയില്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിപ്പെരിയാര്‍ കേന്ദ്രീകരിച്ച് കള്ളനോട്ട് വിതരണം ചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. ചെന്നെ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവര്‍ക്ക് കള്ളനോട്ടുകള്‍ വിതരണം ചെയ്തത്. നോട്ട് ഇരട്ടിപ്പെന്ന പേരിലായിരുന്നു ഈ കള്ളനോട്ട് ഇടപാട്.
5000 രൂപ കൊടുത്താല്‍ 10,000 രൂപയുടെ കള്ളനോട്ട് നല്‍കുന്നതിനാണ് നോട്ട് ഇരട്ടിപ്പെന്ന് ഇവര്‍ പറയുന്നത്. ഇരട്ടി പണം ലഭിക്കുമെന്ന് വിശ്വസിച്ച് സംഘത്തിന്റെ വലയില്‍ പലരും വീണെന്നാണ് വിവരം. പിന്നീടാണ് ലഭിച്ചത് കള്ളനോട്ടാണെന്ന് പലരും തിരിച്ചറിഞ്ഞത്. കേസില്‍ അകപ്പെടുമെന്ന് ഭയന്ന് തട്ടിപ്പിനിരയായവര്‍ പോലും ഇക്കാര്യം പുറത്ത് വിടില്ല.
ഇതിനു സമാനമായിരുന്നു കട്ടപ്പന, കോഴിമല കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ്. സ്ത്രീകളടക്കമുള്ളവരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. ഇവിടെയും നോട്ടിരപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. പണം നല്‍കിയാല്‍ ഇരട്ടിയായി മടക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളില്‍ നിന്നും പ്രതി പണം കൈക്കലാക്കിയത്. സിനിമാ മേഖലയില്‍ പണം നിക്ഷേപിക്കുമെന്നും ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം. ലക്ഷങ്ങളാണ് വീട്ടമ്മയ്ക്ക് നഷ്ടമായത്.
നക്ഷത്ര ആമ, ആനക്കൊമ്പ് തുടങ്ങി പല പേരിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്താറുണ്ട്. വലിയ തുക ലഭിക്കുമെന്ന് വിശ്വസിച്ച് തട്ടിപ്പ് സംഘത്തിന് പലരും ലക്ഷങ്ങള്‍ നല്‍കും. കടം വാങ്ങിയും ലോണ്‍ എടുത്തും മറ്റുമാണ് പണം നല്‍കുന്നത്. പണം കൈക്കലാക്കിയാല്‍ ഇടനിലക്കാര്‍ മുങ്ങും. ഇതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമാകുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനമായതിനാല്‍ പണം നഷ്ടമായാലും പരാതി നല്‍കാന്‍ സാധിക്കാത്തതാണ് സ്ഥിതി.
കോവിഡ് വ്യാപനം കുറഞ്ഞതോടെ ബാങ്കുകള്‍ ജപ്തി അടക്കമുള്ള നടപടികളിലേക്ക് കടന്നതാണ് ആളുകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇടത്തരക്കാരായ പലര്‍ക്കും കോവിഡ് വ്യാപനത്തോടെ ലോണ്‍ അടവുകള്‍ അടക്കം മുടങ്ങിയിരിക്കുകയാണ്. വാഹനങ്ങളുടെ സിസി അടവ് മുടങ്ങിയവരും നിരവധിയാണ്. ജീവിത മാര്‍ഗം വഴിമുട്ടി നില്‍ക്കുന്നവരെ കണ്ടെത്തി പെട്ടെന്ന് പണം സമ്പാധിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ രംഗത്തെത്തുന്നത്.