വൈദ്യുതി ഉപയോഗം സുരക്ഷിതമാക്കാം; അപകടം ഒഴിവാക്കാം


ഇടുക്കി: നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമായ വൈദ്യുതിയുടെ ഉപയോഗം സുരക്ഷിതമാക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഇടുക്കി ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും കെഎസ്‌ഇബിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സുരക്ഷാവാരത്തിന് തുടക്കമായി. ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയാണ് സുരക്ഷാ വാരമായി ആചരിക്കുന്നത്. വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാവാരാചരണം. ഇടുക്കി ജില്ലയില്‍ മാത്രം 2022-23 വര്‍ഷക്കാലയളവില്‍ 30 വൈദ്യുതി അപകടങ്ങളാണ് സംഭവിച്ചത്.
അശ്രദ്ധ, അലംഭാവം, അറിവില്ലായ്മ എന്നിവയാണ് ഒട്ടുമിക്ക വൈദ്യുതാപകടങ്ങളുടെയും മുഖ്യ കാരണം. ജില്ലയില്‍ സംഭവിക്കുന്ന വൈദ്യുതാപകടങ്ങളില്‍ ഭൂരിഭാഗവും ഇരുമ്ബ് തോട്ടി അല്ലെങ്കില്‍ ഇരുമ്ബ് ഏണി വൈദ്യുത ലൈനുകളുടെ സമീപം ഉയര്‍ത്തുന്നതു കൊണ്ടാണ്. ലൈനുകള്‍ക്ക് സമീപമുള്ള ചക്ക, മാങ്ങ, അടയ്ക്ക, തേങ്ങ തുടങ്ങിയ ഫലങ്ങള്‍ പറിക്കുകയോ ലൈനുകളുടെ സമീപമുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുത്. ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിക്കുമ്ബോഴും കുരുമുളക് പറിക്കുമ്ബോഴും ഇരുമ്ബ് ഏണി ലൈനുമായി സമ്ബര്‍ക്കത്തില്‍പ്പെട്ടും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.
കൂടാതെ വൃക്ഷങ്ങളുടെ പച്ച ശിഖരങ്ങള്‍ വെട്ടുന്നതിനിടെ ശിഖരങ്ങള്‍ ലൈനില്‍ മുട്ടിയും അപകടം സംഭവിക്കുന്നു. ലൈനുകളില്‍ നിന്ന് വൈദ്യുതാഘാതം സംഭവിക്കാന്‍ ലൈനുമായി നേരിട്ട് സമ്ബര്‍ക്കം വേണമെന്നില്ല. ലൈനിനടുത്ത് ലോഹവസ്തുക്കള്‍ എത്തിയാല്‍ വൈദ്യുതാകര്‍ഷണം മൂലം വൈദ്യുതി പ്രവഹിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ടൈല്‍വര്‍ക്ക്, വെല്‍ഡിംഗ് ജോലികള്‍, പെയിന്റിംഗ് ജോലികള്‍ എന്നിവയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കണക്‌ട് ചെയ്യുന്ന വയറുകളുടെയും ഇതിന് ഉപയോഗിക്കുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങള്‍ ഉണ്ടാകാം. ഇങ്ങനെയുള്ള വൈദ്യുതാഘാതങ്ങള്‍ തടയുന്നതിനായി ഉപയോഗിക്കുന്ന ഇ.എല്‍.സി.ബികള്‍ സ്ഥാപിക്കാത്തതുമൂലമോ അവ പ്രവര്‍ത്തനക്ഷമമല്ലാത്തതു മൂലമോ അവയെ ബൈപ്പാസ് ചെയ്ത് നേരിട്ട് ഇത്തരം ജോലികള്‍ ചെയ്യുന്നതു മൂലവും അപകടങ്ങള്‍ ഉണ്ടാവും.
വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്ബോള്‍ ഗ്ലൗസ്, ഷൂസ് തുടങ്ങിയവ ധരിക്കണം. മാത്രമല്ല ഇതിന് പരിശീലനം ലഭിച്ചവര്‍ മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാവൂ. വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ കര്‍ശനമായും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ജോലികള്‍ ചെയ്യാവു.