ജൂൺ 24 മണിപ്പൂർ ദിനമായി യുഡിഎഫ് ആചരിക്കും
സമുദായ സംഘർഷത്തിന്റെ അണയാത്ത ജ്വാലകളും നിലയ്ക്കാത്ത നിലവിളികളുമായി യുദ്ധക്കളത്തിന് സമാനമായി മാറിയിരിക്കുന്ന മണിപ്പൂർ സംസ്ഥാനത്ത് എപ്പോൾ വേണമെങ്കിലും ജീവനും സ്വത്തും നഷ്ടപ്പെടുവെന്ന ഭയത്തോടെ വേദനയിൽ കഴിയുന്ന ജനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് യു.ഡി.എഫ് ജൂൺ 24ന് സംസ്ഥാന വ്യാപകമായി ‘മണിപ്പൂർ ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ദിനാചരണം തൊടുപുഴ ഗാന്ധിസ്ക്വയറിൽ നടത്തപ്പെടുന്നതാണെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ.എം ജെ ജേക്കബും അറിയിച്ചു.
ജനാധിപത്യത്തിന് യാതൊരു വിലയും കൽപ്പിക്കാതെ വർഗീയവാദികളുടെ അഴിഞ്ഞാട്ടത്തിനും ന്യൂനപക്ഷ വേട്ടയ്ക്കും നരേന്ദ്രമോദി കൂട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണ്. അമേരിക്കയിൽ ഉല്ലാസയാത്ര നടത്തുന്ന പ്രധാനമന്ത്രി മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണെന്ന് കാര്യം വിസ്മരിച്ചിരിക്കുകയാണ്. കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു, ആംബുലൻസിൽ യാത്ര ചെയ്യുന്നവരെ പോലും പെട്രോൾ ഒഴിച്ച് ദാരുണമായി കത്തിക്കുന്നു, പതിനായിരക്കണക്കിനാളുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വീടുകൾ കത്തിയെരിയുന്നു.
മന്ത്രിമാരും ജനപ്രതിനിധികളും നാടുവിട്ടു പോകുന്ന സംസ്ഥാനം പൂർണമായും അരക്ഷിതാവസ്ഥയിലാണ്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തിയും അവരുടെ ആരാധനാലയങ്ങൾ തകർത്തും ജനങ്ങളെ ഭവനരഹിതരാക്കിയും ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. ജനങ്ങളുടെ സ്വസ്ഥജീവിതം നശിപ്പിക്കുന്ന വംശീയാതിക്രമങ്ങളിൽ നിന്നും ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുവാൻ പ്രധാനമന്ത്രി നേരിട്ടിടപടണം.
ജൂൺ 24ന് ഗാന്ധി സ്ക്വയറിൽ നടക്കുന്ന മണിപ്പൂർ ദിനാചരണം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, റോയി കെ പൗലോസ്, കെ.എം.എ ഷുക്കൂർ, സുരേഷ് ബാബു, പിസി ജയൻ, ജി.ബേബി അഡ്വ.ജോസഫ് ജോൺ എന്നിവർ പ്രസംഗിക്കും.