‘ഹരിതം ജീവിതം’ പദ്ധതി മന്ത്രി വി ശിവന്‍കുട്ടി ജൂൺ 22 ന് ഉദ്ഘാടനം ചെയ്യും
പീരുമേട് മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഭാ സംഗമവും ഹരിത ജീവിതം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി വി ശിവന്‍കുട്ടി ഇന്ന് (22) 2 മണിക്ക് കുട്ടിക്കാനം മരിയന്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പീരുമേട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ പഠന ബോധന പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പരിവര്‍ത്തന പദ്ധതിയാണ് ‘പീരുമേട് മണ്ഡല സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി’. ഇതിന്റെ ഭാഗമായാണ് പടവുകള്‍ എന്ന പേരില്‍ നിയോജക മണ്ഡലത്തില്‍ ഇക്കഴിഞ്ഞ എസ്സ്.എസ്സ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ആദരിക്കുകയും, തുടര്‍ ഉപരിപഠന തൊഴില്‍ സാദ്ധ്യതകള്‍ പരിചയപ്പെടുത്തുന്ന ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത്. എം.എല്‍.എ. യുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കാര്‍ബണ്‍ ന്യൂട്രലീകരണം പദ്ധതിയായ ‘ഹരിതം ജീവിതം’ പദ്ധതിയുടെ ഉദ്ഘാടനവും വൃക്ഷതൈ നട്ടുകൊണ്ട് മന്ത്രി നിര്‍വഹിക്കും. വാഴൂര്‍ സോമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേഷന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.