പുതിയ സ്‌പൈഡർമാൻ ചിത്രം യുഎഇയിൽ പ്രദർശിപ്പിക്കില്ല
സോണിയുടെ ഏറ്റവും പുതിയ സ്‌പൈഡർ മാൻ ആനിമേഷൻ ചിത്രം യുഎഇയിൽ പ്രദർശിപ്പിക്കില്ല. ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കായുള്ള പിന്തുണയെക്കുറിച്ചുള്ള പ്രതികരണത്തെത്തുടർന്നാണ് തീരുമാനം. “സ്‌പൈഡർ മാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സ്” ജൂൺ 22 മുതൽ യുഎഇയിൽ ഉടനീളം പ്രദർശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ സിനിമാ ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകളിൽ വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ നിന്ന് ചിത്രം ഒഴിവാക്കി.
‘സ്‌പൈഡർ മാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സ്’ യുഎഇയിൽ റിലീസ് ചെയ്യില്ലെന്ന് ഫേസ്ബുക്കിലെ അന്വേഷണത്തിന് മറുപടിയായി VOX സിനിമാസ് പറഞ്ഞു. യുഎഇയിലും ഗൾഫ് മേഖലയിലും പ്രവർത്തിക്കുന്ന സിനിമാ കമ്പനി തീരുമാനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
വോക്സ് സിനിമാസിന്റെ ഉടമസ്ഥതയുള്ള മജിദ് അൽ ഫുത്തൈം എന്റർടെയ്ൻമെന്റ് തീരുമാനത്തിനെതിരെ ഒരു പ്രതികരണവും ഇതുവരെ നൽകിയില്ല. കഴിഞ്ഞ മാസം അവസാനം പ്രദർശിപ്പിച്ച സൂപ്പർഹീറോ ചിത്രത്തിലെ ഒരു രംഗത്തിൽ , “ട്രാൻസ് കിഡ്‌സിനെ സംരക്ഷിക്കുക” എന്നെഴുതിയ ഒരു ഫ്ലാഗ് അവതരിപ്പിക്കുന്ന രംഗം യുഎഇ ഓൺലൈനിൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. യു എ ഇയുടെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിക്കാനോ പ്രസിദ്ധീകരിക്കാനോ അനുവദിക്കില്ലെന്ന് യുഎഇ മീഡിയ കൗൺസിൽ തിങ്കളാഴ്ച പറഞ്ഞു. കഴിഞ്ഞ വർഷം, രണ്ട് സ്ത്രീകൾ തമ്മിലുള്ള ചുംബന രംഗമുള്ള ഡിസ്നിയുടെ ആനിമേറ്റഡ് സിനിമ “ലൈറ്റ് ഇയർ” യു.എ.ഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിൽ നിരോധിക്കപ്പെട്ടിരുന്നു.
അയൽരാജ്യമായ സൗദി അറേബ്യയിൽ, “സ്പൈഡർ മാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സ്” തീയറ്ററുകളിൽ പ്രദർശിപ്പിക്കുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ സിനിമ സംഘടന വിസമ്മതിച്ചു. VOX സിനിമാസ് ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ സിനിമ വെബ്‌സൈറ്റിൽ നിന്ന് ചിത്രം നീക്കം ചെയ്തിട്ടുണ്ട്.