ഹൈറേഞ്ചില്‍ ബൈക്ക് അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥ
ഹൈറേഞ്ചില്‍ ബൈക്ക് അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥ. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെ കൊന്നത്തടി പഞ്ചായത്ത് പരിധിയില്‍ മാത്രം വ്യത്യസ്‌ത ബൈക്ക് അപകടങ്ങളില്‍ രണ്ടു വിദ്യാര്‍ഥികളുടെ ജീവനുകളാണ് നഷ്‌ടപ്പെട്ടത്. പാറത്തോട്ടില്‍ കഴിഞ്ഞദിവസം അമിത വേഗത്തിലെത്തിയ ബൈക്ക് ജീപ്പിലേക്ക് ഇടിച്ചുകയറിയാണ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പനംകൂട്ടിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് തോട്ടിലേക്ക് മറിഞ്ഞാണ് പതിനെട്ടുകാരന്‍ മരണമടഞ്ഞത്. ഹൈറേഞ്ച് മേഖലയിലെ ദേശീയപാതകള്‍ ഉള്‍പ്പടെയുള്ള റോഡുകളിലൂടെ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ചീറിപ്പായുന്ന യുവാക്കള്‍ അപകടത്തിലേക്കും മരണത്തിലേക്കും കൂപ്പുകുത്തുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ രക്ഷിതാക്കള്‍ ഭീതിയിലാണ്. ഒരു ബൈക്കില്‍ത്തന്നെ ഹെല്‍മറ്റോ ലൈസന്‍സോ ഇല്ലാതെ മൂന്നുപേരുമായി കാതടപ്പിക്കുന്ന ശബ്‌ദത്തില്‍ ചീറിപ്പായുന്നത് നിരവധി യുവത്വങ്ങളാണ്. ഇതിനെതിരെ ശക്‌തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട പോലീസോ മോട്ടോര്‍ വാഹന വകുപ്പോ തയാറാകുന്നില്ല. 18 വസയില്‍ താഴെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പലപ്പോഴും റോഡുകളില്‍ തലങ്ങും വിലങ്ങും പോലീസ് സ്‌റ്റേഷനുകളുടെ മൂക്കിനു താഴെ വിലസുന്നതും കണ്ടില്ലെന്നു നടക്കുന്ന ഉദ്യോഗസ്‌ഥരും നിരവധിയാണ്.
രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയും മുള്‍മുനയില്‍ നിര്‍ത്തിയും ന്യൂജന്‍ ചെത്തുബൈക്കുകള്‍ സ്വന്തമാക്കിയാണ് കൂടുതലും അഭ്യാസ പ്രകടനങ്ങള്‍. ഏറ്റവും കുടുതലായി അപകടം ക്ഷണിച്ചുവരുത്തുന്ന ഡ്യൂക്ക് ഉള്‍പ്പടെയുള്ള ബൈക്കുകളില്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയും സൈലന്‍സറുകളും ഹാന്‍ഡിലും മാറ്റിപ്പിടിപ്പിച്ചുമാണ് കോളജു പരിസരങ്ങളില്‍ വിദ്യാര്‍ഥിക്കൂട്ടങ്ങള്‍ ചീറിപ്പായുന്നത്. അമിത വേഗതയില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ ആവശ്യമായ സമയങ്ങളില്‍ വേഗത നിയന്ത്രിക്കുന്നതിനോ എതിരെവരുന്ന വാഹനങ്ങളില്‍ നിന്നും വെട്ടിച്ചുമാറ്റുന്നതിനോ കഴിയാതെ വരുമ്ബോഴാണ് തമാശ കാര്യമാകുന്നത്. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും ജില്ലയുടെ തെരുവിഥികളിലൂടെ ഇരുചക്രവാഹനങ്ങളില്‍ ചീറിപ്പായുന്നവര്‍ നിരവധിയാണ്. ഇവര്‍ സ്വയം നശിക്കുന്നതിനൊപ്പം ഇവരുടെ കുടുംബങ്ങളും ബൈക്കുകള്‍ ചെന്നിടിക്കുന്ന വാഹനയാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും കുടുംബങ്ങളും നശിക്കുന്നതാണ് ദാരുണമായ സത്യം.
ദേശീയപാതയടക്കമുള്ള തകര്‍ന്ന റോഡുകളുടെ അവസ്‌ഥ മനസിലാക്കാതെ ബൈക്കുകളില്‍ സംഘമായെത്തുന്ന വിനോദ സഞ്ചാരി യുവാക്കളും വിദ്യാര്‍ഥികളും നിരവധിയായാണ് ജില്ലയില്‍ അപകടത്തില്‍പെടുന്നത്. ഇടുക്കിയില്‍ ഏറ്റവും കൂടുതലായി ഇത്തരം അപകടങ്ങള്‍ നടക്കുന്നത് മൂന്നാര്‍, അടിമാലി, രാജാക്കാട് മേഖലകളിലാണെന്നതാണ് പോലീസ് രേഖകള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ 6 മാസത്തിനുള്ളില്‍ തന്നെ മേഖലയില്‍ 115 ഇരുചക്ര വാഹന അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.