‘ഇന്ത്യൻ ക്രിക്കറ്റിനെ അഹങ്കാരം ബാധിച്ചു’; ഡബ്ല്യുടിസി ഫൈനലിലെ തോൽവിയിൽ ഇന്ത്യയെ വിമർശിച്ച് സർ ആൻഡി റോബർട്ട്സ്
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിമർശിച്ച് വെസ്റ്റ് ഇൻഡീസ് പേസ് ബോളിങ് ഇതിഹാസം സർ ആൻഡി റോബർട്ട്‌സ്. ഇന്ത്യൻ ക്രിക്കറ്റിനെ അഹങ്കാരം ബാധിച്ചു എന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഫൈനലിൽ ഓസ്‌ട്രേലിയക്ക് എതിരെ 209 റൺസിന്റെ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 2021ൽ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസീലൻഡിനെതിരെയും ഇന്ത്യ പരാജയം നുണഞ്ഞിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലേക്ക് അഹങ്കാരം കടന്നുകയറി. അതിനാൽ, ലോകത്തുള്ള മറ്റു രാജ്യങ്ങളെ ഇന്ത്യ വിലകുറച്ചു കണ്ടു. ടെസ്റ്റ് ക്രിക്കറ്റിനാണോ ഏകദിന ക്രിക്കറ്റിനാണോ ഇന്ത്യൻ നിര ശ്രദ്ധ കൊടുക്കുന്നതെന്ന് ടീം വ്യക്തമാക്കണം. ടി20 ക്രിക്കറ്റ് അതിന്റെ വഴിക്ക് നീങ്ങും. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ബാറ്റും ബോളും തമ്മിൽ ഒരു പോരാട്ടം പോലും ഉണ്ടായില്ല. ഇന്ത്യയിൽ നിന്നും മികച്ച ബാറ്റിംഗ് പ്രതീക്ഷിച്ചു. അജിങ്ക്യ രഹാനെ പൊരുതിയെങ്കിലും ഫൈനലിൽ എനിക്ക് പ്രതീക്ഷയുണ്ടായില്ല എന്ന് അദ്ദേഹം തുറന്നടിച്ചു. ശുഭ്മാൻ ഗില്ലിന്റെ ഷോട്ടുകൾ മികച്ചതെന്ന് വ്യക്തമാക്കിയ ആൻഡി റോബർട്ട്സ് ഇന്ത്യക്ക് കഴിവുള്ള താരങ്ങൾ ഉണ്ടെന്നും എന്നാൽ അവർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല എന്നും സൂചിപ്പിച്ചു.
രവിചന്ദ്രൻ അശ്വിനെ ടീമിലെടുക്കാത്തത് ഞെട്ടലുണ്ടാക്കിയെന്ന് ആൻഡി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നർ ടീമിലെടുക്കാത്തത് അവിശ്വസനീയമാണ്. നാല് പേസർമാരെ ടീമിൽ എത്തിച്ചത് മോശമല്ലാത്ത തീരുമാനം ആണെകിലും അവർ വേണ്ടത്ര ഉയരം ഇല്ലാത്തവരാണ്. ഉയരം കൂടുതലുള്ള ആരെങ്കിലും ഉണ്ടായിരുന്നെകിലും പന്തിന്റെ ബൗൺസിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു.
ടെസ്റ്റിന്റെ നാലാം ദിവസം മൂന്ന് വിക്കറ്റിന് 164 എന്ന നിലയിൽ ക്രീസിലുണ്ടായിരുന്ന ഇന്ത്യയെ കുറിച്ച് കൂടുതൽ പ്രതീക്ഷകൾ തനിക്ക് ഉണ്ടായിരുന്നില്ല എന്ന് സർ ആൻഡി റോബർട്ട്സ് വ്യക്തമാക്കി. അവർ തോൽക്കുമെന്ന് എനിക്കറിയാമായിരുന്നു. രണ്ട് ഇന്നിംഗ്‌സുകളിലും ബാറ്റിംഗ് മോശമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ടെസ്റ്റുകളും മൂന്നും ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായി ഇന്ത്യ വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്നുണ്ട്. എന്നാൽ, സ്‌ക്വാഡുകൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ പരമ്പരകളെ പറ്റി അഭിപ്രായം പറയാൻ ആൻഡി റോബർട്ട്സ് തുനിഞ്ഞില്ല. എന്നാൽ, ചില മത്സരങ്ങൾക്ക് മഴ വില്ലനാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.