‘കാശ് ഇന്നുവരും, നാളെ പോകും’; ഐപിഎലിനെക്കാൾ വലുത് രാജ്യമെന്ന് മിച്ചൽ സ്റ്റാർക്ക്


ഐപിഎലിനെക്കാൾ വലുത് രാജ്യത്തിനായി കളിക്കുന്നത് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. പണം ഇന്നുവരും നാളെ പോകും. അതിൽ കുറ്റബോധമില്ല. ഓസ്ട്രേലിയയാണ് ഏറ്റവും മുകളിൽ. ഐപിഎൽ കളിച്ചത് ആസ്വദിച്ചിട്ടുണ്ടെന്നും സ്റ്റാർക്ക് ‘ദി ഗാർഡിയനോ’ട് പ്രതികരിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി കപ്പടിച്ചതിനു ശേഷമായിരുന്നു സ്റ്റാർക്കിൻ്റെ പ്രതികരണം.
“യോർക്ഷെയറിൽ 10 വർഷം മുൻപ് കളിച്ചതുപോലെ ഞാൻ ഐപിഎലും ആസ്വദിച്ചിട്ടുണ്ട്. പക്ഷേ, ഓസ്ട്രേലിയ ഏറ്റവും മുകളിലാണ്. ഞാൻ അതിലൊന്നിലും പശ്ചാത്തപിക്കുന്നില്ല. കാശ് വരും പോകും. ലഭിച്ച അവസരങ്ങൾക്കൊക്കെ ഞാൻ നന്ദിയുള്ളവനാണ്. ടെസ്റ്റ് ക്രിക്കറ്റിന് 100 വർഷത്തിലധികം പഴക്കമുണ്ട്. 500ൽ താഴെ ആളുകളേ ഓസ്ട്രേലിയക്കായി ടെസ്റ്റ് കളിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിൻ്റെ ഭാഗമാകുന്നത് സ്പെഷ്യലാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ വേഗം പണം ലഭിക്കും. ഇനിയും ഐപിഎൽ കളിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ, ഏത് ഫോർമാറ്റായാലും ഓസ്ട്രേലിയക്കായി കളിക്കുക എന്നതാണ് പ്രധാനം.”- സ്റ്റാർക്ക് പറഞ്ഞു.