കരുതലോടെ നീങ്ങാം; കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്തുണ്ടായത് 10,396 വാഹനാപകടങ്ങള്‍
മഴക്കാലമായാൽ അപകടങ്ങൾ പതിവാണ്. ചെറിയ അശ്രദ്ധപോലും അപകടങ്ങൾ വിളിച്ചുവരുത്തും. 10396 വാഹനാപകടങ്ങള്‍ ആണ് കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്തുണ്ടായത്. അതിൽ 964 പേര്‍ മരണപ്പെടുകയും 12,555 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കേരള പോലീസിന്റെ 2022 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള റോഡ് അപകടങ്ങളുടെ കണക്കാണിത്. കൊവിഡ് കാലമായ 2020, 2021 വര്‍ഷങ്ങളിൽ വാഹനാപകടങ്ങൾ കുറവാണ് റിപ്പോർട് ചെയ്തത്. 2020-ല്‍ 555 അപകടങ്ങളിലായി 616 പേരാണ് മരണപ്പെട്ടത്. 1523 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 2021-ല്‍ 6127 അപകടങ്ങളിലായി 661 പേര്‍ മരിക്കുകയും 7220 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാലാവസ്ഥയും വെളിച്ചക്കുറവും റോഡിന്റെ അവസ്ഥ തുടങ്ങിയവയാണ് അപകടത്തിന്റെ പ്രധാന കാരണങ്ങൾ. ഈ മൂന്ന് കാരണങ്ങളില്‍ മാത്രം 2022-ല്‍ 132 അപകടങ്ങള്‍ നടന്നു. അതിൽ 27 പേര്‍ മരണപ്പെടുകയും ചെയ്തു. 138 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുചക്ര വാഹനങ്ങളുടെ അപകടക്കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഓരോ വര്‍ഷവും അതിന്റെ ഗ്രാഫ് ഉയരുകയാണ്. മഴക്കാലം ഉള്‍പ്പെടെ 2022-ല്‍ 17,756 അപകടങ്ങളാണ് ഇരുചക്ര വാഹനങ്ങളിൽ നടന്നത്. അതിൽ 1665 പേര്‍ മരിക്കുകയുണ് 20,127 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 2021-ല്‍ 13,574 പേർ അപകടത്തില്‍ പെട്ടു. 1390 പേര്‍ മരണപ്പെടുകയും 15,531 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 2020-ല്‍ 11831 അപകടങ്ങള്‍ നടന്നപ്പോള്‍ 1239 പേര്‍ മരിച്ചു. 12145 പേര്‍ക്ക് പരിക്കേറ്റു.