പാട്ട് കേട്ട് കുളിച്ചതിന് മാപ്പെഴുതിപ്പിച്ചു; ‘കേരളത്തിലെ കോളേജ് ഹോസ്റ്റലുകള്‍ സുരക്ഷാ ജയിലുകള്‍ക്ക് സമമെന്ന്’
കിന്‍റര്‍ഗാട്ടന്‍ സ്കൂളില്‍ ബഹളം വച്ചതിന്‍റെ പേരില്‍ ഒരു കുട്ടിയെ പട്ടിക്കൂട്ടില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അടച്ചിട്ടെന്ന വാര്‍ത്ത വന്നത് ഏതാനും വര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്നാണ്. അതിന് മുമ്പും കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മിക്സഡ് കോളേജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഭക്ഷണ സമയത്ത് പോലും അടുത്തടുത്ത് ഇരിക്കാതിരിക്കാന്‍ പ്രത്യേകം സംവിധാനങ്ങളുള്ള കോളേജുകള്‍ ഇന്ന് കേരളത്തിലുണ്ട്.
തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയായ ശ്രദ്ധ സതീഷിന്‍റെ (20) ആത്മഹത്യയ്ക്ക് പിന്നാലെയാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അരങ്ങേറുന്ന തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ കാര്യങ്ങള്‍ പുറം ലോകമറിഞ്ഞത്. ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ മുറിയിലേക്ക് പോകുമ്പോള്‍ ആണ്‍കുട്ടികളുമായി സംസാരിക്കാതിരിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് ആകാശപാത വരെ നിര്‍മ്മിച്ച കോളേജാണ് അമല്‍ ജ്യോതി. കുട്ടികള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികളോട് രണ്ടാം തരം പൗരന്മാരോടെന്ന നിലയിലാണ് കോളേജ് അധികൃതര്‍ പെരുമാറുന്നതെന്ന് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഇതിനകം വിവിധ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് സംസാരിച്ച് കഴിഞ്ഞു. ഇതിനിടെയാണ് ‘കുളിക്കുമ്പോള്‍ പാട്ട് കേട്ടു എന്നതിന് തന്നോട് കോളേജ് അധികൃതര്‍ മാപ്പെഴുതി വാങ്ങി’യെന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് പുറത്ത് വന്നത്. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് ദേശീയ മാധ്യമങ്ങളിലടക്കം പുന:പ്രസിദ്ധീകരിച്ചു. നിരവധി പേര്‍ കോളേജിന്‍റെ പ്രവര്‍ത്തിക്കെതിരെ രോഷം പ്രകടിപ്പിച്ചു. “കുളിക്കുമ്പോൾ ഫോണിൽ പാട്ടുകൾ കേട്ടതിന് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, ഇനി ഇത് സംഭവിക്കില്ല. എനിക്ക് പ്രധാനപ്പെട്ട ജോലികളും പ്രോജക്‌റ്റും പൂർത്തിയാക്കാനുള്ളതിനാൽ എന്‍റെ ഫോൺ തിരികെ നൽകാൻ ഞാൻ നിങ്ങളോട് ദയയോടെ അഭ്യർത്ഥിക്കുന്നു,” കുട്ടി കോളേജ് അധികാരികള്‍ക്കായുള്ള മാപ്പ് അപേക്ഷയില്‍ എഴുതി. ഈ മാപ്പപേക്ഷേ r/Kerala എന്ന അക്കൗണ്ടില്‍ നിന്നാണ് പങ്കുവയ്ക്കപ്പെട്ടത്. കുളിക്കുമ്പോള്‍ പാട്ട് കേട്ടാല്‍ മാത്രമല്ല, ആണ്‍ കുട്ടികളോട് സംസാരിച്ചാല്‍, ഒപ്പമിരുന്നാല്‍…. ഇവയെല്ലാം കുറ്റങ്ങളും അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ശിക്ഷകളുണ്ട് അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.