മഴ: നെടുങ്കണ്ടത്ത് വൻ നാശം, വീടുകളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണ ഭിത്തികൾ തകർന്നു
നെടുങ്കണ്ടം ∙ കനത്ത മഴയെത്തുടർന്ന് നെടുങ്കണ്ടം മേഖലയിൽ വ്യാപക നാശം. പലസ്ഥലങ്ങളിലും വീടുകളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണ ഭിത്തികൾ തകർന്നു. പാമ്പാടുംപാറ പഞ്ചായത്തിലെ വട്ടപ്പാറയിൽ ചെറുകരക്കുന്നേൽ ജോണി ഏബ്രഹാമിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു.
വീടും അപകടാവസ്ഥയിലായി. ഒരുവർഷം മുൻപ് നാലുലക്ഷം രൂപ മുടക്കി നിർമിച്ച 26 അടിയോളം ഉയരത്തിലുള്ള കൽക്കെട്ടാണ് കനത്ത മഴയിൽ തകർന്നത്. പലരിൽനിന്നും വായ്പ വാങ്ങിയാണ് കൽക്കെട്ട് നിർമിച്ചതെന്ന് ജോണി പറഞ്ഞു. വീടിന്റെ പിൻഭാഗത്തെ മൺതിട്ടയും ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ 4 മക്കളാണ് ജോണിക്കുള്ളത്.
ഈ കുട്ടിക്ക് 2 ഓപ്പറേഷനുകൾ നടത്തി കടബാധ്യതയിലായിരിക്കുമ്പോഴാണ് ഈ അപകടം. ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബേബിച്ചൻ ചിന്താർമണി, വാർഡ് മെംബർ ജോസ് തെക്കേക്കുറ്റ്, വില്ലേജ് ഓഫിസർമാരായ ധന്യാമോൾ പി.എം, ടി.എ. പ്രതീപ് തുടങ്ങിയവർ സ്ഥലത്തെത്തി. അപകടാവസ്ഥ സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും സാധ്യമായ സഹായങ്ങൾ നൽകുമെന്നും ഇവർ പറഞ്ഞു.
∙ സ്കൂളിന്റെ മണ്ണിടിഞ്ഞു
കനത്തമഴയിൽ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളിന്റെ മുൻവശത്തെ മണ്ണ് ഇടിഞ്ഞുവീണു. സ്‌കൂളിന്റെ മതിലിനോട് ചേർന്നാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്. സ്‌കൂൾ കെട്ടിടത്തിനും മണ്ണിടിച്ചിൽ ഭീഷണിയായിട്ടുണ്ട്. നെടുങ്കണ്ടം മേഖലയിൽ വിവിധ സ്ഥലങ്ങളിലായി നിരവധി മണ്ണിടിച്ചിലുകളും കൃഷിനാശവും നേരിട്ടിട്ടുണ്ട്. ഒരു മണിക്കൂറോളം അതിശക്തമായ മഴയാണ് മേഖലയിൽ ഉണ്ടായത്.