ഓക്സിജൻ ടാങ്കറുകൾക്ക് സുഖയാത്ര; സുരക്ഷയൊരുക്കി ഗതാഗത വകുപ്പ്
തൊടുപുഴ ∙ ഓക്സിജൻ പെട്ടെന്ന് എത്തിക്കുന്നതിന് ഓപ്പറേഷൻ ഓക്സിജൻ ടാങ്കർ ദൗത്യവുമായി ഗതാഗത വകുപ്പ്. ഓക്സിജൻ ടാങ്കറുകൾ തടസ്സം കൂടാതെയും സുരക്ഷിതവുമായി ആശുപത്രികളിൽ എത്തിക്കുന്നതിന് അകമ്പടി നൽകുകയാണ് ഗതാഗത വകുപ്പ്. ഇതിനായി സ്പെഷൽ സ്ക്വാഡിനെ നിയോഗിച്ചു. ജില്ലയിലെത്തുന്ന ടാങ്കറുകൾക്ക് എഎംവിഐമാരായ പി.ആർ. രാംദേവ്, ടി.ജെ.അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് രാപകൽ വ്യത്യാസമില്ലാതെ അകമ്പടി പോകുന്നത്.
നിരീക്ഷണത്തിന് ജിപിഎസ്, വിഎൽടിഎസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ല കടക്കുമ്പോഴും വാർ റൂമിൽ വിവരം കൈമാറും. ഓക്സിജൻ വിതരണം തടസ്സപ്പെടാതിരിക്കാൻ ടാങ്കറുകൾക്കു ബീക്കൺ ലൈറ്റും സൈറണും നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ പ്ലാന്റിലേക്കാണ് ഓക്സിജൻ എത്തിക്കുന്നത്. തുടർന്നു കോട്ടയം ജില്ലയിലേക്കു പോകും. ഇതിനിടെ ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ക്രയോജനിക് ടാങ്കറുകൾ പിടിച്ചെടുത്ത് ഓക്സിജൻ വിതരണത്തിന് സജ്ജമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സെപ്റ്റംബർ മുതൽ ഉപയോഗിക്കാതെ കിടന്ന 9 ടൺ ശേഷിയുള്ള 3 ക്രയോജനിക് ടാങ്കറുകൾ എറണാകുളം ജില്ലയിൽ കണ്ടെത്തി. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവന്റെ നേതൃത്വത്തിൽ ഇവ പിടിച്ചെടുത്തു. പുതുവൈപ്പിലെ പെട്രോനെറ്റ് പ്ലാന്റിൽ എത്തിച്ച് ഹൈഡ്രോ കാർബണിന്റെ അംശം പൂർണമായി ഒഴിവാക്കിയ ശേഷം ഓക്സിജൻ വിതരണത്തിന് എത്തിക്കാനാണു പദ്ധതി.