ഒഡിഷ ട്രെയിൻ അപകടത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നു എന്ന് റെയിൽവേ
275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷ ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ. മെയിൻ ലൈനിലേക്ക് ഗ്രീൻ സിഗ്നൽ ലഭിക്കുമ്പോഴും, ട്രാക്ക് ലൂപ് ലൈനിലേക്ക് തിരിച്ചു വച്ചതിൽ ബാഹ്യ ഇടപെടൽ ഉണ്ടാ എന്നാണ് സംശയം. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബലാസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, അപകടത്തിൽ മരിച്ച ഇനിയും തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന ആരംഭിച്ചു. ഡിഎൻഎ പരിശോധന ആവശ്യപ്പെടുന്നവർക്കായി ഹെല്പ് ലൈൻ നമ്പറും പുറത്ത് വിട്ടു.
പൊലീസ്ഒ ഡിഷ ട്രെയിൻ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അശ്രദ്ധ മൂലമുള്ള മരണം ജീവൻ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ. വീഴ്ച വരുത്തിയ റെയിൽവേ ജീവനക്കാർ ആരെന്ന് കണ്ടെത്തിയിട്ടില്ല എന്നും എഫ് ഐ ആറിൽ പറയുന്നു. അന്വേഷണം ഉടൻ സിബിഐയ്ക്ക് കൈമാറും.
ഒഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരുമുണ്ട്. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കല്പണിക്കാരനാണ് സുക്‌ലാൽ. ഇദ്ദേഹം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് സുക്‌ലാൽ മകനെ പണിക്ക് കൊണ്ടുപോയത്. 18 വയസ് തികഞ്ഞയുടൻ ജോലിക്കായി സുക്‌ലാൽ മകനെ കൊണ്ടുപോവുകയായിരുന്നു.
കേരളത്തിലേക്ക് പണിക്കായി പോവുകയായിരുന്ന സദ്ദാം ഷെയ്ഖും (28) അപകടത്തിൽ മരണപ്പെട്ടു. സദ്ദാമിന് ഒരു മാസം പ്രായമായ മകനും ഭാര്യയുമുണ്ട്. കേരളത്തിലേക്ക് ജോലി തേടിപ്പോവുകയായിരുന്ന യേദ് അലി ഷെയ്ഖും (37) അപകടത്തിൽ പെട്ടു. ഇയാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.