കട്ടപ്പന നഗരസഭയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
കട്ടപ്പന: കട്ടപ്പന നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നു. കഴിഞ്ഞ തവണ കോവിഡ് രൂക്ഷമായപ്പോള്‍ ക്രീയാത്മകമായി പ്രവര്‍ത്തിച്ച ആരോഗ്യ വിഭാഗത്തെ നിഷ്‌ക്രീയരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഐ വിഭാഗം പ്രതിനിധിയായ ചെയര്‍പേഴ്‌സണ്‍ സ്വീകരിക്കുന്നതെന്നാണ് എ വിഭാഗത്തിന്റെ ആരോപണം. നഗരസഭയില്‍ എ-ഐ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ കഴിഞ്ഞ മാസം എ വിഭാഗം നേതാവും നഗരസഭ വൈസ് ചെയര്‍മാനുമായ ജോയി വെട്ടിക്കുഴി രാജിവച്ചിരുന്നു. കോവിഡ് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുമ്പോല്‍ ആരോഗ്യ രംഗത്ത് പരിചിതരായവരെ ഉള്‍പ്പെടുത്തി വിപുലമായ പ്രതിരോധ സേനയെ രൂപീകരിക്കാനോ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മുന്‍പരിചയമുള്ളവരെ നിയോഗിക്കാനോ നഗരസഭയ്ക്ക് കഴിഞ്ഞട്ടില്ല. രാഷ്ര്ടീയ വ്യത്യാസമില്ലാതെ സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുമ്പോഴും അത് പ്രയോജനപ്പെടുത്താന്‍ നഗരസഭ ചെയര്‍പേഴ്‌സണടക്കം തയാറാകുന്നില്ലെന്നാണ് പരാതി. വിവിധ രാഷ്ര്ടീയ പാര്‍ട്ടികളുടെ മീറ്റിങ് വിളിച്ചെങ്കിലും ബാലിശമായ കാര്യങ്ങള്‍ക്കായി സമയം കളഞ്ഞെന്ന് നേതാക്കള്‍ ആരോപിക്കുന്നു. കോവിഡ് ഹെല്‍പ് ഡെസ്‌കില്‍ ആരോഗ്യ വിഭാഗവുമായി യാതൊരു മുന്‍ പരിചയവുമില്ലാത്ത ഗ്രൂപ്പ് പ്രവര്‍ത്തകനെ നിയമിച്ചതായും ആക്ഷേപമുണ്ട്. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ എല്ലാ കാര്യങ്ങളിലും പ്രകടമാണ്. കോവിഡ് വാക്‌സിന്‍ വിതരണത്തിലുണ്ടായ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടിയെടുക്കാന്‍ തയാറായില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും താല്‍പര്യക്കാര്‍ക്ക് വാക്‌സിനായി ടോക്കണ്‍ നല്‍കുന്നവെന്ന പരാതി ഉന്നയിച്ചിട്ടും അന്വേഷിച്ചില്ലെന്നും ആക്ഷേപമുണ്ട്. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാതെ മറ്റിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരിചയം മുന്‍ നിര്‍ത്തി വാക്‌സിന്‍ നല്‍കിയത് വാക്കേറ്റത്തിനും ഇടയാക്കിയിരുന്നു. തുടര്‍ന്ന് നഗരസഭയിലുള്ളവര്‍ക്ക് ഉച്ചക്ക് ശേഷം മാത്രം വാക്‌സിന്‍ നല്‍കാന്‍ തീരുമാനമാകുകയായിരുന്നു. നഗരസഭയിടപെട്ട് താലൂക്ക് ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കാനെത്തുന്നവര്‍ക്ക് നില്‍ക്കാന്‍ പന്തലിടുകമാത്രമാണ് ചെയ്തത്. കട്ടപ്പന ഗവ കോളജില്‍ ആരംഭിക്കുമെന്നറിയച്ച കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഇതുവരെ തുടങ്ങാനായിട്ടില്ല. മറ്റ് സംവിധാനങ്ങള്‍ ലഭ്യമല്ലാതാകുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.