കുളപ്പാറച്ചാൽ കിൻഫ്രാ പാർക്ക് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയാൽ അഞ്ച് പഞ്ചായത്തുകൾക്ക് പ്രയോജനം
രാജാക്കാട് : കുളപ്പാറച്ചാലിൽ അടഞ്ഞുകിടക്കുന്ന കിൻഫ്രാ അപ്പാരൽ പാർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി വിട്ടുനൽകിയാൽ അഞ്ച് പഞ്ചായത്തുകൾക്ക് പ്രയോജനമാകും. വ്യാവസായിക ആവശ്യങ്ങൾ മുൻനിർത്തി നിർമിച്ച കെട്ടിടത്തിന് 72,000 ചതുരശ്രഅടി വിസ്തീർണമാണുള്ളത്. രാജകുമാരി, ചിന്നക്കനാൽ, ശാന്തൻപാറ, രാജാക്കാട്, സേനാപതി എന്നീ അഞ്ച് പഞ്ചായത്തുകൾക്ക് ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാകും.
ഇവിടെ ട്രാൻസ്ഫോർമർ സംവിധാനവും ഇൻവെർട്ടറും ഉണ്ട്. അത്യാധുനിക സ്വകര്യങ്ങളോടുകൂടി നിർമിച്ച അപ്പാരൽ പാർക്കിൽ ശൗചാലയങ്ങളും കുടിവെള്ളവും മറ്റു സൗകര്യങ്ങളും ലഭ്യമാണ്. കോവിഡ് വ്യാപനം അനുദിനം അനിയന്ത്രിതമായി വർധിച്ചുവരുന്ന സാചര്യമാണ് ഹൈറേഞ്ചിൽ.
അഞ്ച് കോടിരൂപ കെട്ടിട നിർമാണത്തിനും ഒരുകോടി രൂപ യന്ത്രസാമഗ്രികൾക്കും ഉൾപ്പെടെ ആറുകോടി രൂപ ചെലവാക്കിയാണ് അപ്പാരൽ പാർക്ക് പണിതത്. 2012 മാർച്ചിൽ പണി പൂർത്തീകരിച്ചെങ്കിലും കെട്ടിടം ലേലം ചെയ്ത് നൽകുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനാൽ ആറുവർഷമായി കെട്ടിടം പാഴായി കിടക്കുകയായിരുന്നു. പിന്നീട് തമിഴ്നാട്ടിലുള്ള തുണി കമ്പനി ഇവിടെ ആരംഭിച്ചുവെങ്കിലും ലാഭകരമല്ലെന്ന കാരണത്താൽ മാസങ്ങൾക്ക് മുമ്പ് പൂർണമായും പൂട്ടി. നിലവിൽ കോടികൾ മുടക്കിയ കെട്ടിടം കാടുകയറി അനാഥമായ നിലയിലാണ്.