ഭക്ഷ്യ മന്ത്രി, റേഷൻ വ്യാപാരികളുടെ സംയുക്ത സമിതിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 27 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ഇടുക്കി ജില്ലയിലെ റേഷൻ വ്യാപാരികളുടെ സംയുക്ത സംഘടനകൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വേതന പാക്കേജ് പരിഷ്ക്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുന്നത്.
സമരത്തിൻ്റെ ഭാഗമായി ജില്ലയിലെ മുഴുവൻ താലൂക്ക് സപ്ലൈ ഓഫീ സുകൾക്ക് മുൻപിൽ പ്രകടനവും, ധർണ്ണയും നടത്തും.
റേഷൻ വ്യാപാരികളുടെ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് സംഘടനാ
നേതാക്കൾ പറഞ്ഞു. ഇതിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജില്ലയിൽ റേഷൻ വ്യാ പാരികളുടെ സംയുക്ത സമിതി അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുന്നത്. കേന്ദ്ര സർക്കാർ റേഷൻ വ്യാപാരികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, കമ്മീഷൻ അതാത് മാസം നൽകുക, റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുക, 2021 ലെ KTPDS ഓഡറിൽ
ആവശ്യമായ ഭേദഗതി വരുത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റേഷൻ വ്യാപാരികൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുർബലപ്പെടുത്തി ഭക്ഷ്യധാന്യങ്ങളുടെ വിതരണം പൂർണ്ണമായും കോർപ്പറേറ്റ് കുത്തകകളുടെ കൈകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തി വരുന്നതെന്നും, റേഷൻ കാർഡ് ഉടമകൾക്ക് നേരിട്ട് പണം നൽകുന്ന ഡയറക്ട് ബനിഫിറ്റ് ട്രാൻസ്‌ഫർ പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും, ഈ മേഖലയിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിത മാർഗ്ഗം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും നേതാക്കൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ താലൂക്ക് പ്രസിഡണ്ട് സണ്ണി കോലോത്ത്, ഷിജോ കക്കാട്ട്, റെജി മുകളേൽ, പി ബി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.