ലോക കേരള സഭയ്ക്കായി പണപ്പിരിവ്; ആരോപണങ്ങള്‍ തള്ളി പി. ശ്രീരാമകൃഷ്ണന്‍


അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം തള്ളി നോര്‍ക്ക വെസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍ എന്നും പണം പിരിക്കുന്നത് സ്പോണ്‍സര്‍ഷിപ്പിന് വേണ്ടിയെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഈ മാസം ഒമ്പതു മുതല്‍ 11 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനമാണ് വിവാദത്തിലായത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ താരനിശ മാതൃകയില്‍ പാസുകള്‍ നല്‍കി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുകയാണ് ചെയ്തതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പ്രതികരിച്ചു.
മേഖല സമ്മേളനത്തിലെ പണപിരിവ് നാണക്കേടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പണമുള്ളവരെ അടുത്ത് ഇരുത്തുന്ന രീതി ആണോ കമ്മ്യൂണിസ്റ്റ് രീതിയെന്ന് ചോദിച്ചു. മുഖ്യമന്ത്രി ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ പോകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വലിയ തുക സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നവര്‍ക്ക് സമ്മേളന വേദിയില്‍ അംഗീകാരവും വി.ഐ.പികള്‍ക്ക് ഒപ്പം ഡിന്നറും വാഗ്ദാനം ചെയ്യുന്ന സ്പോണ്‍സര്‍ഷിപ്പ് താരിഫും പുറത്തുവന്നിട്ടുണ്ട്. ലോക കേരള സഭ സര്‍ക്കാര്‍ സംരംഭമായിരിക്കെ സംഘാടക സമിതിയുടെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.