ഇടുക്കി അണക്കെട്ട് കാണാൻ സഞ്ചാരികളേറെ: സൗകര്യങ്ങൾ പരിമിതം
ചെറുതോണി: ഇടുക്കി അണക്കെട്ട് കാണാൻ ഇത്തവണ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍, കണ്ട് മടങ്ങുന്നവര്‍ ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെ ഭംഗിയെക്കുറിച്ച് വാനോളം പുകഴ്ത്തുമ്ബോഴും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയെക്കുറിച്ച പരാതികളും പങ്കുവെക്കുന്നു. പുതുവത്സരം, ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിലാണ് ഡാം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഇതുവഴി കഴിഞ്ഞ ഒരുവര്‍ഷം ലക്ഷക്കണക്കിന് രൂപയാണ് വൈദ്യുതി വകുപ്പിന് അധിക ലാഭമുണ്ടായത്. ഇടുക്കി പദ്ധതിയിലെ ഷട്ടറുള്ള ഏക അണക്കെട്ടാണ് ഇടുക്കി.
സന്ദര്‍ശകരെ കടത്തിവിടുന്ന പ്രധാന കവാടവും ഇവിടെത്തന്നെയാണ്. അകത്തുകടക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് രണ്ടരക്കിലോമീറ്റര്‍ ചുറ്റിനടന്ന് ഇന്ത്യയിലെതന്നെ പ്രധാനപ്പെട്ട ആര്‍ച്ച് ഡാം കാണാം. നടക്കാൻ ബുദ്ധിമുട്ടുള്ളവര്‍ക്ക് ബഗ്ഗികാറിലൂടെയും സഞ്ചരിക്കാം. ഡാമിനുള്ളിലെ നീല ജലാശയത്തിലൂടെ വനംവകുപ്പിന്‍റെ ബോട്ടിലൂടെയും സഞ്ചരിക്കാം.
പക്ഷേ, ഇവിടെയെത്തുന്നവര്‍ പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ചാണ് മടങ്ങുന്നത്. ആവശ്യത്തിനു കൗണ്ടറുകളില്ലാത്ത പ്രധാന പരാതി. പാസുകിട്ടാൻ മണിക്കൂറുകളാണ് പൊരിവെയിലത്തും മഴയത്തും കാത്തുനില്‍ക്കേണ്ടിവരുന്നത്. ഓണ്‍ലൈൻ സംവിധാനമില്ലാത്തതും സഞ്ചാരികളെ വലക്കുന്നു. ജലാശയത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കാൻ ഭയങ്കര തിരക്കാണ്. ദൂരസ്ഥലങ്ങളില്‍നിന്നെത്തി ടിക്കറ്റ് കിട്ടാതെ മടങ്ങുന്നതും പതിവാണ്. ഒരേസമയം 20പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ട് മാത്രമാണിവിടെ വനംവകുപ്പ് തയാറാക്കിയിരിക്കുന്നത്.
മുൻകാലങ്ങളില്‍ ഹൈഡല്‍ ടൂറിസം വകുപ്പും ടൂറിസ്റ്റുകള്‍ക്കായി ബോട്ട് സര്‍വിസ് നടത്തിയിരുന്നു. വനംവകുപ്പും ഹൈഡല്‍ ടൂറിസവും തമ്മിലുള്ള തര്‍ക്കംമൂലം ഇടക്കുവെച്ച് സ്പീഡ് ബോട്ട് നിര്‍ത്തി. അഞ്ച് ബഗി കാറുകള്‍ ഉണ്ടെങ്കിലും വാടകയടച്ച് മണിക്കൂറുകള്‍ കാത്തുനിന്നാലെ ബഗ്ഗി കാറുകള്‍ ലഭിക്കൂ. അണക്കെട്ടു സന്ദര്‍ശിക്കാനെത്തുന്നവര്‍ വെള്ളാപ്പാറയില്‍നിന്ന് തിരിഞ്ഞു മെഡിക്കല്‍ കോളജ് റോഡുവഴി വേണം പോകാൻ. ഇതുമൂലം മെഡിക്കല്‍ കോളജിലേക്ക് രോഗികളെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ തിരക്കില്‍പ്പെടുന്നതും പതിവാണ്.
ടൂറിസ്റ്റുകള്‍ക്കായി അധികൃതര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായിട്ടില്ല. ഇടുക്കി ആര്‍ച്ച് ഡാമിനും ചെറുതോണി അണക്കെട്ടിനുമിടയിലെ വൈശാലി ഗുഹയില്‍ അക്വേറിയം പാര്‍ക്ക്, അണക്കെട്ടുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഇലക്ട്രിക്ക് ബസ് സര്‍വിസ്, ചെറുതോണി അണക്കെട്ടിനുസമീപം ഇടുക്കി ജലാശയത്തോട് ചേര്‍ന്ന് വിശ്രമകേന്ദ്രവും ഭക്ഷണശാലയും ആര്‍ച്ചുഡാമിന്‍റെ അടിത്തട്ടില്‍ സഞ്ചാരികള്‍ക്കുവേണ്ടി പാര്‍ക്കും ലേസര്‍ ഷോയും തുടങ്ങി വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്.
ഇത്തവണ അണക്കെട്ട് കാണാൻ പതിവിലും കൂടുതല്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച മാത്രം മൂവായിരത്തിലധികം പേരാണ് അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയത്. വേനലവധി കഴിഞ്ഞ് അണക്കെട്ട് ചൊവ്വാഴ്ച അടയ്ക്കും. തുടര്‍ന്ന് ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും മാത്രമേ തുറക്കൂ.