ഐ.സി.യുവില്‍ നിന്ന് കോവിഡ് ബാധിതന്റെ വിഡിയോകോള്‍;
മറ്റൊരു രോഗിക്ക് സഹായമഭ്യര്‍ഥിച്ച് സിജോ എവറസ്റ്റ്
കട്ടപ്പന: ആശുപത്രിക്കിടക്കയിലും സിജോ തന്റെ സഹജീവി സ്‌നേഹം മറക്കുന്നില്ല. കോവിഡ് ബാധിതനായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വരാജ് പാലത്തിങ്കല്‍ സിജോ എവറസ്റ്റാണ് മറ്റൊരു രോഗിക്ക് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. ഫ്രണ്ട്‌സ് ഓഫ് കേരള ചാരിറ്റി വിഭാഗം ചെയര്‍മാനായ സിജോ കോവിഡ് ബാധിതനായി എറണാകുളം സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ന്യുമോണിയ പിടിപെടുകയും ഓക്‌സിജന്റെ അളവില്‍ കുറവ് സംഭവിക്കുകയും ചെയ്തതോടെ സിജോയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും അധിക ഓക്‌സിജന്‍ നല്‍കുകയുമായിരുന്നു.
ഇതിനിടയിലാണ് ഡല്‍ഹിയില്‍ നിന്നും സഹായമഭ്യര്‍ഥിച്ച് സിജോയുടെ ഫോണിലേക്ക് ഒരു സന്ദേശമെത്തിയത്. മകനെ കാണാന്‍ ഡല്‍ഹിയിലെത്തിയ വൃദ്ധക്ക് കോവിഡ് ബാധിച്ച് ആരോഗ്യ സ്ഥിതി വഷളാവുകയും അടിയന്തിരമായി ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമെന്നുമായിരുന്നു സന്ദേശം. ഉടന്‍ തന്നെ ഡല്‍ഹിയിലെ സുഹൃത്തും ഡിസ്‌ട്രെസ് മാനേജ്‌മെന്റ് കലക്ടീവ് എന്ന സംഘടനയുടെ പ്രസിഡന്റുമായ ദീപ ജോസഫിനെ ആശുപത്രിക്കിടക്കയില്‍ നിന്നും സിജോ വീഡിയോ കാള്‍ ചെയ്യുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഐ.സി.യുവിലെ ആശുത്രികിടക്കയില്‍ നിന്നും ഓക്‌സിജന്‍ മാസ്‌കും ധരിച്ച് മറ്റൊരു രോഗിക്കുവേണ്ടിയുള്ള സിജോയുടെ സഹായ മഭ്യര്‍ത്ഥന ദീപയെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് ദീപയുടെ സുഹുത്ത് സജി ഫിലിപ്പ് ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കുകയും ആവശ്യക്കാരന് കൈമാറുകയും ചെയ്തു.
ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം ഇടുക്കി ജില്ലാ ഭദ്രാസന സെക്രട്ടറിയും ഫ്രണ്ട്‌സ് ഓഫ് കേരള ചാരിറ്റി വിഭാഗം ചെയര്‍മാനുമായ സിജോ കഴിഞ്ഞ പ്രളയകാലത്തും കോവിഡ് കാലത്തുമെല്ലാം സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഫ്രണ്ട്‌സ് ഓഫ് കേരളയുടെ നേതൃത്വത്തില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി നൂറുകണക്കിന് മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും വിതരണം ചെയ്ത പദ്ധതിയുടെ ചുമതലകാരനും സിജോ ആയിരുന്നു. ഏപ്രില്‍ 22 നാണ് സിജോക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് സിജോയുടെ നില വഷളാകുകയും ചെയ്തു. ശ്വാസകോശത്തിലെ അണുബാധ കാരണം ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടായിരുന്നു. ഇതിനിടയിലാണ് ഡോക്ടര്‍മാരുടെ കണ്ണുവെട്ടിച്ച് സിജോ തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ആശുപത്രി കിടക്കയില്‍ നിന്നും ക്രമീകരിച്ചത്. സോഷ്യല്‍ വര്‍ക്കറായ അനുവാണ് ഭാര്യ.മക്കള്‍;ന്യൂവല്‍, നേഹ