മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി റോഷി അഗസ്റ്റിന്‍
മാലിന്യമുക്ത പ്രഖ്യാപനം ജൂണ്‍ 5 ന്
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ പോലീസിനും തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
മാലിന്യമുക്ത നവ കേരളത്തിനായി പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും നല്ല നിലയിലുള്ള ഇടപെടല്‍ നടത്തണം. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 5 ന് മാലിന്യമുക്ത പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണം. പഞ്ചായത്തുകള്‍ നല്ല നിലയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ച്ചവെയ്ക്കുന്നത്. എം.സി.എഫില്‍ ശേഖരിച്ച മാലിന്യങ്ങള്‍ ക്ലീന്‍ കേരള കൊണ്ട് പോകാന്‍ കാലത്തമാസം കാണിക്കുന്ന വിവരം പഞ്ചായത്ത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും . പ്ലാസ്റ്റിക് ശേഖരിച്ചു സൂക്ഷിക്കുന്ന കെട്ടിടങ്ങളായ എം.സി.എഫ് ആവശ്യമെങ്കില്‍ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഡുകളുടെ ഇരുഭാഗത്തും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ പോലീസ് ഉള്‍പ്പെടെയുള്ള സേനവിഭാഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. നിരീക്ഷണ കാമറകള്‍ കൂടുതലായി സ്ഥാപിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുമ്പോള്‍ പരിസരം ശുചിയായിരിക്കണം. അതിന് വേണ്ട നടപടി വിദ്യാഭ്യാസ വകുപ്പും പഞ്ചായത്തും സ്വീകരിക്കണം.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലാല്‍കുമാര്‍ ജെ ആര്‍ , വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം- കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മാലിന്യസംസ്‌കരണ അവലോകന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നു.