തമിഴ്നാട്ടില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍
ചെന്നൈ: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും.
അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. തമിഴ്നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും.
രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്ബൂര്‍ണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങല്‍ നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.
കര്‍ണാടകത്തില്‍ മെയ് 10 മുതല്‍ 24 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10വരെ മാത്രമേ തുറക്കുകയുള്ളൂ, എന്നാല്‍ വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം.
കൊവിഡ് പശ്ചാത്തലത്തില്‍ ഗോവയില്‍ ഈമാസം 9 മുതല്‍ 23 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 1 വരെ തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ പാഴ്സലുകള്‍ മാത്രമാണ് ലഭ്യമാവുക.ഗോവയില്‍ മരണ നിരക്ക് കൂടുകയാണെന്നും ജാഗ്രത പാലിക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.