ചൂട് പ്രവചനാതീതം; വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ
തൃശൂര്‍: ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ ചൂട് കുറഞ്ഞെങ്കിലും ഈ മാസം പ്രവചനാതീതമെന്ന് കാലാവസ്ഥ ഗവേഷകര്‍.കേരളത്തില്‍ സാധാരണ രീതിയിലുള്ള ചൂടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
പകല്‍, രാത്രികാല താപനില സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ കുറിപ്പിലുണ്ട്. അതേസമയം, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ താപതരംഗ സാധ്യതയാണ് നിഴലിക്കുന്നത്.
ഈ മേഖലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് അറിയിപ്പിലുണ്ട്.
വരും ദിവസങ്ങളില്‍ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയും വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനം കേരളത്തില്‍ ഉണ്ടാവുമെന്ന നിലപാടാണ് പ്രശസ്ത കാലാവസ്ഥ ഗവേഷകനായ ഡോ. എസ്. അഭിലാഷ് പങ്കുവെക്കുന്നത്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും വടക്കന്‍ ജില്ലകളിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, ഫെബ്രുവരിയില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയ ചൂട് മാര്‍ച്ചില്‍ ഒരു ഡിഗ്രിയിലേക്ക് കുറഞ്ഞു. ഇത് താപവ്യതിയാനം കുറച്ചു. എന്നാല്‍, ആര്‍ദ്രത കുറയാത്ത സാഹചര്യമാണ് വല്ലാതെ പുഴുക്കും ചൂടും അനുഭവപ്പെടുന്നതിന് കാരണം. ചൂട് കൂടിയതും മഴ കുറഞ്ഞതുമായ സാഹചര്യത്തില്‍ ജലക്ഷാമം മുന്നില്‍ കാണുന്നുണ്ട്.
ചൂട് ഏറ്റവും കൂടേണ്ട മാസമാണ് എപ്രില്‍ എന്നും ജലപ്രതിസന്ധി മുന്നില്‍ കാണേണ്ടതുണ്ടെന്നുമാണ് കാലാവസ്ഥ വ്യതിയാന ഗവേകന്‍ ഡോ. ചോലയില്‍ ഗോപകുമാറിന്റെ നിഗമനം. മഴ ഇടക്കിടെ ലഭിച്ചാല്‍ പ്രശ്നപരിഹാരം ഉണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രത്യാശ.
ഏപ്രിലില്‍ വടക്കന്‍ കേരളത്തില്‍ മഴ താരതമ്യേന കുറയുമെന്നും മധ്യ, തെക്കന്‍ കേരളത്തില്‍ സാധാരണ രീതിയില്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ തെക്കന്‍ ജില്ലകളിലെ കിഴക്കന്‍ മേഖലകളില്‍ മാത്രമാണ് മഴ ലഭിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കിഴക്കന്‍ മേഖലകളില്‍ പരിമിതപ്പെടുന്ന വേനല്‍മഴ വടക്കന്‍ ജില്ലകളിലേക്ക് എത്തിനോക്കിയിട്ടു പോലുമില്ല. മാര്‍ച്ച് ഒന്ന് മുതല്‍ എപ്രില്‍ 10വരെ 26.2 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട കണ്ണൂരില്‍ മാനം കനിഞ്ഞിട്ടുമില്ല. മലപ്പുറം (93), കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 91 ശതമാനവും മഴക്കമ്മിയാണുള്ളത്.
ഇടുക്കിയില്‍ 16 ശതമാനവും വയനാട് 36 ശതമാനവും മഴ കൂടുതലാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ 2015ന് സമാനം കടുത്ത വരള്‍ച്ചയാണ് എത്തിനോക്കുന്നത്. സമീപ വര്‍ഷങ്ങള്‍ക്കുസമാനം മഴ ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ മെച്ചപ്പെടൂ.
















































































































