മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം; കഴിഞ്ഞ വർഷത്തെ കയറ്റുമതി 85000 കോടി

ലോകത്ത് മൊബൈൽ ഫോൺ കയറ്റുമതിയിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യ. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022- 23 സാമ്പത്തിക വർഷത്തെ കണക്കുകൾ പുറത്ത് വന്നപ്പോൾ 85000 കോടി രൂപയുടെ ഫോണുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ഇന്ത്യ സെല്ലുലാർ ഇലക്ട്രോണിക് അസോസിയേഷനാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത് വിട്ടത്. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പോലുള്ള പദ്ധതികളുടെ വലിയ വിജയം കൂടിയാണ് ഈ നേട്ടമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ പദ്ധതികൾ രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണ രംഗത്ത് വൻകുതിച്ച് ചാട്ടത്തിന് വഴി തുറന്നു. കേന്ദ്ര സർക്കാർ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആഭ്യന്തര ഉത്പാദകകരായ കമ്പനികൾക്കായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം നടപ്പാക്കിയിരുന്നു.യുഎഇ, യുഎസ്, നെതർലാൻഡ്, യുകെ, ഇറ്റലി തുടങ്ങി അഞ്ച് രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന മൊബൈൽ ഫോൺ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. നിലവിൽ രാജ്യത്ത് വിൽപന നടത്തുന്ന 97 ശതമാനം ഫോണുകളും ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ് എന്നതാണ് ഏറ്റവും വലിയ നേട്ടം.