‘അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നത് തല മറന്ന് എണ്ണ തേക്കൽ’ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ബിജെപി അനുകൂല പരാമർശത്തിനെതിരെ കെടി ജലീല്‍

ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ബിജെപി അനുകൂല പ്രസ്താവനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ടി ജലീല്‍ എംഎല്‍എ. മോദി വിജയിച്ച രാഷ്ട്രീയ നേതാവാണെന്നും ബിജെപി ഭരണത്തിൽ രാജ്യത്ത് ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്നുമുള്ള കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പരാമര്‍ശത്തിനെതിരെയാണ് ജലീല്‍ രൂക്ഷമായി പ്രതികരിച്ചത്. ഇതുവരെ കാര്യം നിസ്സാരമായി കണ്ടവർ യാഥാർത്ഥ്യം തിരിച്ചറിയണം. കോൺഗ്രസ്സിൻ്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നത്. ഒരേഒരാശ്വാസം ജനങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയിൽ ബി.ജെ.പിക്കില്ല എന്നുള്ളതാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോൺഗ്രസ്സിൻ്റെ ആപ്പീസ് പൂട്ടിക്കും. തങ്ങൾ അകപ്പെട്ട കേസു കൂട്ടങ്ങളിൽ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി. ഇത് തിരിച്ചറിയാൻ അഭിമാന ബോധമുള്ള ക്രൈസ്തവർക്കാകും. മുസ്ലിം-ക്രൈസ്തവ അകൽച്ച മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാൻ ഇരു സമുദായങ്ങളിലെയും വിവേകികളായ രാഷ്ട്രീയ നേതാക്കൻമാർ രംഗത്തുവരണമെന്ന് ജലീല്‍ പറഞ്ഞു.
വിരലിലെണ്ണാവുന്ന പുരോഹിതൻമാരുടെ ബി.ജെ.പി പ്രേമത്തെ തള്ളിപ്പറയാൻ യു.ഡി.എഫ് രാഷ്ട്രീയ നേതൃത്വം ഒരു നിമിഷം പോലും വൈകരുത്. ബി.ജെ.പിയുടെ ആലയത്തിൽ സാധാരണ ഭക്തർ എത്തിപ്പെടുന്നതിന് മുമ്പ് തുടങ്ങണം രാഷ്ട്രീയ പ്രചരണം. ഫാഷിസ്റ്റ് വലയിൽ വീണാൽ അവരെ തിരിച്ചു പിടിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരും. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടിവരുമെന്നും ജലീല്‍ കുറിച്ചു.