ഇച്ഛാശക്തിയില്ലാത്ത ജില്ലയിലെ ഇടതുപക്ഷ നേതൃത്വം ജില്ലയുടെ ശാപമായി മാറിയിരിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു


ഏപ്രിൽ മൂന്നിന് മുമ്പ് ഗവൺമെന്റിനെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിപ്പിക്കുവാൻ കഴിയാതെ ഹർത്താൽ പിൻവലിച്ച ഇടതുപക്ഷ നേതൃത്വം ജനങ്ങളുടെ മുമ്പിൽ ഇളിഭ്യരായിരിക്കുകയാണ്. ജില്ലയിലെ നേതൃത്വത്തിന് ഇച്ഛാശക്തി ഉണ്ടായിരുന്നുവെങ്കിൽ നിശ്ചിത സമയത്തിന് മുമ്പ് ഗവൺമെന്റിനെ കൊണ്ട് ഓർഡിനൻസ് ഇറക്കിക്കുവാൻ കഴിയുമായിരുന്നു. ഓർഡിനസിന് വേണ്ടി ഹർത്താൽ പ്രഖ്യാപിച്ച് ഓർഡിനൻസ് വരാത്ത സാഹചര്യത്തിൽ ഹർത്താൽ പിൻവലിച്ച് ജനങ്ങളെ ചതിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നാം തീയതി മുഖ്യമന്ത്രി നൽകിയെന്ന് പറയുന്ന ഉറപ്പ് ഏപ്രിൽ ഫൂളായി മാറാതിരിക്കട്ടെ. ബില്ല് കൊണ്ടുവരുന്നതിനുള്ള പ്രാഥമികമായ യാതൊരു നടപടിയും ഗവൺമെന്റ് സ്വീകരിക്കാതിരുന്നതുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാൻ കഴിയാതെ വന്നത്. ജില്ലയിലെ ഭൂവിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകുന്ന എത്രാമത്തെ ഉറപ്പാണ് ഇതെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കണം. കെട്ടിട നിർമ്മാണ നിരോധനം വന്നതിനുശേഷം 8 നിയമസഭാ സമ്മേളനങ്ങൾ നടക്കുകയും അതിൽ 160 ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭൂ നിയമ ഭേദഗതി ബില്ല് എന്തുകൊണ്ട് ഇതിൽ ഉൾപ്പെട്ടില്ല എന്ന് ഗവൺമെന്റ് മറുപടി പറയണം. ഗവൺമെന്റിന്റെ നിയമ ഭേദഗതി തട്ടിപ്പിന് നാലുവർഷം കാലാവധി പൂർത്തിയാവുകയാണ്. ഇനിയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുവാൻ യു.ഡി.എഫ് അനുവദിക്കുന്ന പ്രശ്നമില്ല. ഭൂ നിയമ ഭേദഗതിക്ക് വേണ്ടിയുള്ള സമര പരിപാടികൾ ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.