ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം: ഇന്ന് ആശുപത്രി വിട്ടേക്കുമെന്നും വത്തിക്കാന്‍

ശ്വാസകോശ അണുബാധയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതിയുണ്ടെന്നും നാളെ ആശുപത്രി വിട്ടേക്കുമെന്നും വത്തിക്കാന്‍. ഇന്ന് രാവിലെ നടന്ന പരിശോധനകളുടെ ഫലമായി, പാപ്പ നാളെ പേപ്പല്‍ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്‍ വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.
ഏപ്രിൽ 2 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ഓശാന ഞായര്‍ തിരുനാള്‍ കുര്‍ബാനയില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ കുഴപ്പമില്ലാതെ ആരോഗ്യ പുരോഗതിയോടെ കടന്നുപോയെന്നും വൈകുന്നേരം ഫ്രാൻസിസ് മാർപാപ്പ തന്നെ സഹായിക്കുന്നവരോടൊപ്പം പിസ്സ കഴിച്ചുവെന്നും പരിശുദ്ധ പിതാവിനോടൊപ്പം ഡോക്ടർമാരും നഴ്സുമാരും സഹായികളും ഉണ്ടായിരുന്നുവെന്നും വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി.