മുന്നണി ധാരണ പ്രകാരം ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിന്റ് ജിന്‍സണ്‍ വര്‍ക്കി നാളെ സ്ഥാനമൊഴിയും


വൈകിട്ട് 4.30ന് രാജിക്കത്ത് സമര്‍പ്പിക്കും. ഇടത് പക്ഷ മുന്നണിയിലെ ധാരണ പ്രകാരം ആദ്യ 26 മാസം കേരളാ കോണ്‍ഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇതനുസരിച്ച് ജിന്‍സണ്‍ വര്‍ക്കി ഫെബ്രുവരിയില്‍ 26 മാസം പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഒരു മാസം കൂടി അധികമായി നല്‍കുകയായിരുന്നു. അടുത്ത 20 മാസം സി.പി.എമ്മിനും അവസാന 14 മാസം സി.പി.ഐക്കുമാണ് പ്രസിഡന്റ് സ്ഥാനം.
ലഭിച്ച 27 മാസങ്ങളില്‍ പഞ്ചായത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതായി ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. ജൈവ, അജൈവ മാലിന്യ സംസ്‌കരണം, ജനകീയ ഹോട്ടല്‍, ജലജീവന്‍ പദ്ധതി, മഴ വെള്ള സംഭരണി, ടൂറിസം പദ്ധതികള്‍, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മികച്ച ജൈവ കാര്‍ഷിക പഞ്ചായത്ത്, മികച്ച ഹരിത കര്‍മ സേന, 100 ശതമാനം പദ്ധതി പൂര്‍ത്തിയാക്കിയ പഞ്ചായത്ത്, ക്ഷീര മേഖലയില്‍ ഏറ്റവും തുക വിനിയോഗിച്ച പഞ്ചായത്ത്, തൊഴിലുറപ്പില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം തുടങ്ങിയ അംഗീകാരങ്ങളും പഞ്ചായത്തിന് ഈ കാലയളവില്‍ ലഭിച്ചു. പഞ്ചായത്തില്‍ ആധുനിക നിലവാമുള്ള റോഡുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞെന്നും സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, വൈസ് പ്രസിഡന്റ് സിനിമോള്‍ മാത്യു, ഭരണ സമിതി അംഗങ്ങളായ ജിഷ ഷാജി, രജനി സജി, ആനന്ദ് സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.