വിലയിടിവ്: പൈനാപ്പിൾ കർഷകർ ദുരിതത്തിൽ
ചെറുതോണി : കൃഷിച്ചെലവും വിലയിടിവും പൈനാപ്പിൾ കർഷകർ കടക്കെണിയിൽ. വ്യാപാരികൾ പൈനാപ്പിൾ തേടി എത്താതായതോടെ കർഷകർ തന്നെയാണ് ഇത്തവണ വിൽപ്പന ആരംഭിച്ചത്. 40 രൂപ വരെ വില ലഭിച്ചിരുന്ന പൈനാപ്പിളിന് ഇപ്പോൾ ലഭിക്കുന്നത് 25 രൂപ മാത്രം. അതും നല്ല വലുപ്പവും ഭംഗിയുമുള്ളതിന് മാത്രമാണ് കിലോയ്ക്ക് 25 രൂപ ലഭിക്കുന്നത്. കടുത്ത പ്രതിസന്ധിക്കിടയിലും 30 രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാണ് പൈനാപ്പിൾ ഉത്പാദിപ്പിക്കുന്നതെന്നാണ് കർഷകർ പറയുന്നത്.
പൈനാപ്പിളിന് പൊതുവേ വില ഇടിഞ്ഞതോടെ പുറമേനിന്നുള്ള വ്യാപാരികൾ എത്താത്തതും സമയബന്ധിതമായി വിൽപ്പന നടത്താൻ കഴിയാത്തതും കർഷകർക്ക് പ്രതിസന്ധിയായി.
പൈനാപ്പിൾ വിപണനം പ്രതിസന്ധിയായതോടെ കർഷകർ തന്നെ വഴിയോരങ്ങളിൽ ഇറങ്ങി സ്വന്തമായി വിൽപ്പനയാരംഭിച്ചു. എന്നാൽ ഇതും കാര്യമായ ഫലം കണ്ടില്ലെന്ന് കർഷകർ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ വന്നതോടെ വഴിയാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. വിവാഹമുൾപ്പെടെയുള്ള ആഘോഷങ്ങളില്ലാത്തതും, വിനോദ സഞ്ചാരികളെത്താത്തതും വിപണിയിൽ പൈനാപ്പിളിന് മാർക്കറ്റില്ലാതെയായി.
ഇതോടെ ഏതുവിധേനയും ഉത്പന്നങ്ങൾ വിറ്റഴിക്കുവാനുള്ള കർഷകരുടെ ശ്രമവും പാളി. 30 രൂപയിലധികം ഉത്പാദന ചെലവുവരുന്ന പൈനാപ്പിൾ കിലോയ്ക്ക് 20 രൂപയ്ക്കാണ് ഇപ്പോൾ ഇവർ വഴിയോരത്ത് വിറ്റഴിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വൻ തുക വായ്പയെടുത്ത് കൃഷിയിറക്കിയ പൈനാപ്പിൾ കർഷകർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഇനിയും സർക്കാരിൽനിന്നുള്ള സഹായങ്ങൾ മാത്രമാണ് പ്രതീക്ഷ. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റുമതിചെയ്തുകൊണ്ടിരുന്ന കൈതച്ചക്കകൾ കോവിഡ് പ്രതിസന്ധിമൂലം ഇപ്പോൾ കയറിപ്പോകുന്നില്ല ഇതും കൂടുതൽ പ്രതിസന്ധിക്ക് കാരണമായി.