വിശാല സഖ്യം ഇപ്പോഴില്ല, പ്രാദേശിക തലത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെന്ന് സീതാറാം യെച്ചൂരി


ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യം ഉണ്ടാകുമോ എന്നത് സംബന്ധിച്ച തീരുമാനം ഇപ്പോഴില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.സംസ്ഥാന സാഹചര്യങ്ങള്‍ക്കനുസരിച്ചാകും സഖ്യങ്ങള്‍ രൂപപ്പെടുന്നതെന്നും യെച്ചൂരി പറഞ്ഞു. രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു യെച്ചൂരിയുടെ മറുപടി. ‘എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്ബും സഖ്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളുണ്ടാകും. സംസ്ഥാനതലത്തിലാണ് ആദ്യം ധാരണകളുണ്ടാകുന്നത്. പിന്നീട് ഈ സംസ്ഥാനതല ധാരണകളുടെ അടിസ്ഥാനത്തിലാണ് ദേശീയ സഖ്യങ്ങള്‍ രൂപപ്പെടുന്നത്’, യെച്ചൂരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ അപലപിക്കുന്നുവെന്ന് പറഞ്ഞ യെച്ചൂരി, അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിക്കാന്‍ വൈകുന്നത് സര്‍ക്കാരിന് എന്തോ മറയ്ക്കാന്‍ ഉള്ളതിന്റെ സൂചനയാണെന്നും യെച്ചൂരി വിമര്‍ശിച്ചു.